ബംഗളൂരു: കർണാടകയിൽ മുസ്ലിംകള്ക്ക് ജോലികളിലും വിദ്യാഭ്യാസമേഖലയിലുമുണ്ടായിരുന്ന നാലു ശതമാനം ഒ.ബി.സി സംവരണം നിർത്തലാക്കിയ ബി.ജെ.പി സർക്കാറിനെതിരെ കർണാടക വഖഫ് ബോർഡ്.
2 ബി വിഭാഗത്തിലെ സംവരണം പുനഃസ്ഥാപിക്കണമെന്ന് വഖഫ് ബോർഡ് സർക്കാറിനോട് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് അടുത്ത സംസ്ഥാനത്ത് വോട്ട് ധ്രുവീകരണത്തിനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. ഇതുവരെ മുസ്ലിംകള്ക്കുണ്ടായിരുന്ന സംവരണം സംസ്ഥാനത്തെ പ്രമുഖ സമുദായങ്ങളായ ലിംഗായത്തിനും വൊക്കലിഗർക്കും വീതിച്ചുനൽകുകയാണ് ചെയ്തിരിക്കുന്നത്.
ഇത്തരത്തിൽ രണ്ട് ശതമാനം വീതം ഈ സമുദായങ്ങൾക്ക് നൽകുകയാണ് ചെയ്തത്. മുസ്ലിം വിഭാഗത്തെ പത്ത് ശതമാനം വരുന്ന മുന്നാക്ക സംവരണത്തില്‍ (ഇ.ഡബ്ല്യു.എസ്) ഉള്‍പ്പെടുത്തുകയും ചെയ്തു. ഇതോടെ ബ്രാഹ്മിൺ, വ്യാസ, ജെയിൻ തുടങ്ങിയ ശക്തരായ സമുദായങ്ങൾക്കൊപ്പം സംവരണത്തിന് മത്സരിക്കേണ്ട അവസ്ഥ എല്ലാ നിലക്കും പിന്നാക്കമുള്ള മുസ്ലിംകൾക്ക് വരും.
ഇതിനാൽ 2ബി സംവരണം തിരിച്ചുതരുകയാണ് വേണ്ടതെന്ന് ഒരു വഖഫ് ബോർഡ് അംഗം ആവശ്യപ്പെട്ടു. പുതിയ നടപടിയോടെ വൊക്കലിഗക്കാരുടെ ഒ.ബി.സി സംവരണം ആറ് ശതമാനവും ലിംഗായത്തിന്റെ സംവരണം ഏഴ് ശതമാനവുമായി ഉയർന്നു. ‘ബി.ജെ.പി സർക്കാറിൽ ഞങ്ങൾക്കൊരു പ്രതീക്ഷയുമില്ല.
2 ബി വിഭാഗത്തിലെ നാല് ശതമാനം സംവരണം പുനഃസ്ഥാപിക്കണം. മറ്റ് സമുദായങ്ങൾക്കുള്ള സംവരണത്തിൽ ഞങ്ങൾക്കൊരു എതിർപ്പുമില്ല. എന്നാൽ മുസ്ലിംകളോട് കാണിക്കുന്ന വിവേചനത്തിൽ ഞങ്ങൾ അസംതൃപ്തരാണ്’ -ബോർഡ് അധികൃതർ അറിയിച്ചു. വിഷയത്തിൽ ഗവർണർക്ക് നിവേദനം നൽകുമെന്നും പ്രതിഷേധപരിപാടികൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.