ഒ.ബി.സി പദവി എടുത്തുകളയൽ:ഹരജി 27ന് പരിഗണിക്കും

ന്യൂഡൽഹി: നിരവധി മുസ്‍ലിം ഉപ വിഭാഗങ്ങളുടെയടക്കം മറ്റു പിന്നാക്ക ജാതി (ഒ.ബി.സി) പദവി എടുത്തുകളഞ്ഞ കൽക്കത്ത ഹൈകോടതി വിധിക്കെതിരായ അപ്പീൽ അടിയന്തരമായി പരിഗണിക്കണമെന്ന് പശ്ചിമ ബംഗാൾ സർക്കാർ സുപ്രീംകോടതിയിൽ. ഹരജികൾ ഈ മാസം 27ന് പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു.

നീറ്റ്-യു.ജി കഴിഞ്ഞവരുടെ പ്രവേശനത്തെ ബാധിക്കുന്നതിനാൽ ഹൈകോടതി വിധി സ്റ്റേ ചെയ്യണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിനോട് സംസ്ഥാന സർക്കാറിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടു. ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തിയ പുതിയ ജാതികളുടെ സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥയെക്കുറിച്ചും പൊതുമേഖല ജോലികളിലെ പ്രാതിനിധ്യത്തെക്കുറിച്ചും വിവരം നൽകാൻ കഴിഞ്ഞദിവസം സുപ്രീംകോടതി സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.

പൊതുമേഖല ജോലികളിലും സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു 2010 മുതൽ നിരവധി ജാതികൾക്ക് അനുവദിച്ച ഒ.ബി.സി പദവി മേയ് 22ന് ഹൈകോടതി റദ്ദാക്കിയത്. ഈ സമുദായങ്ങളെ ഒ.ബി.സിയായി പ്രഖ്യാപിക്കുന്നതിനുള്ള ഏക മാനദണ്ഡം മതമാണെന്ന് തോന്നുന്നതായും ഹൈകോടതി അഭിപ്രായപ്പെട്ടിരുന്നു.  

Tags:    
News Summary - Abolition of OBC status: Petition to be heard on 27

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.