‘കൗമാരക്കാരികൾ ലൈംഗികത നിയന്ത്രിക്കണം’; കൽക്കത്ത ഹൈകോടതിയുടെ വിവാദ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി

ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കിയയാളെ കുറ്റമുക്തനാക്കി കൽക്കത്ത ൈഹകോടതി നടത്തിയ വിവാദ പരാമർശം റദ്ദാക്കി സുപ്രീംകോടതി. പ്രതിക്കെതിരായ കുറ്റം നിലനിൽക്കുമെന്നും ജസ്റ്റിസുമാരായ അഭയ് എസ്. ഓക, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു.

കൗമാരക്കാരികൾ ലൈംഗികത നിയന്ത്രിക്കണമെന്നും രണ്ടു മിനിറ്റ് സന്തോഷത്തിന് വഴങ്ങരുതെന്നുമായിരുന്നു 2023 ഒക്ടോബർ 18ലെ വിധിയിൽ ഹൈകോടതി പരാമർശം. പോക്സോ അടക്കം ചുമത്തിയ കേസിൽ വിചാരണ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതിയെ ഹൈകോടതി വിട്ടയക്കുകയും ചെയ്തു. ഇതിനെതിരെ പശ്ചിമ ബംഗാൾ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഇതു കൂടാതെ, സുപ്രീംകോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തു. ഈ കേസിലാണ് തിങ്കളാഴ്ച വിധി പറഞ്ഞത്.

കൽക്കത്ത ഹൈകോടതി വിധിയെ 2023 ഡിസംബർ എട്ടിനും സുപ്രീംകോടതി വിമർശിച്ചിരുന്നു. കേസിലെ ഹൈകോടതി നിരീക്ഷണങ്ങൾ ‘ആക്ഷേപകരവും അനാവശ്യവു’മാണെന്നായിരുന്നു വിമർശനം. വിധി പറയുമ്പോൾ ജഡ്ജിമാർ ‘സദാചാര പ്രസംഗം’ നടത്തേണ്ടതില്ലെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു.

പോക്സോ നിയമം ഫലപ്രദമായി നടപ്പാക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ജഡ്ജിമാർ വിധി പറയുമ്പോൾ ഇക്കാര്യം കണക്കിലെടുക്കണമെന്നും വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. 

Tags:    
News Summary - 'Teenage girls should control their sex';The Supreme Court quashed the controversial order of the Calcutta High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.