ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം(സി.എ.എ) നടപ്പിലാക്കുന്നതിലൂടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ആഗ്രഹമാണ് പൂർത്തീകരിക്കപ്പെട്ടതെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. പാർലമെൻറിൻെറ ഇരുസഭകളും പൗരത്വ ഭേദഗതി നിയമം പാസാക്കിയതിൽ താൻ സന്തുഷ്ടനാണെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് സമ്മേളനത്തിലെ നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു രാഷ്ട്രപതി. രാഷ്ട്രപതിയുടെ പരാമർശത്തോട് പ്രതിപക്ഷം ‘ഷെയിം’ വിളികളോടെ പ്രതിഷേധിച്ചു. അതേസമയം പരാമർശത്തെ ഭരണപക്ഷം ഡെസ്കിലടിച്ച് സ്വാഗതം ചെയ്തു. പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് കറുത്ത ബാൻറ് ധരിച്ചാണ് കോൺഗ്രസ് എം.പിമാർ പാർലമെൻറിലെത്തിയത്.
കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 370, ആർട്ടിക്കിൾ 35 എ എന്നിവ പാർലമെൻറിൻെറ ഇരുസഭകളും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ റദ്ദാക്കിയത് ചരിത്രപരമായ തീരുമാനമാണെന്നും ജമ്മു കശ്മീരിൻെറയും ലഡാക്കിൻെറയും തുല്യവികസനത്തിന് അത് വഴിയൊരുക്കിയെന്നും രാഷ്ട്രപതി പറഞ്ഞു.
ബാബരി ഭൂമി തർക്ക കേസിലെ സുപ്രീംകോടതി വിധിക്ക് ശേഷം രാജ്യത്തെ പൗരൻമാരുടെ ഭാഗത്തു നിന്നുണ്ടായ പക്വമായ പെരുമാറ്റം പ്രശംസനീയമാണ്. പരസ്പര ചർച്ചകളും സംവാദങ്ങളും ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നുവെന്ന കാഴ്ചപ്പാടാണ് സർക്കാറിനുള്ളത്. അതേസമയം, പ്രതിഷേധത്തിൻെറ പേരിൽ നടക്കുന്ന ഏത് തരത്തിലുള്ള അക്രമവും സമൂഹത്തെയും രാജ്യത്തെയും ദുർബലമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എൻെറ സർക്കാർ റെക്കോർഡ് സമയത്തിൽ കർതാർപൂർ സാഹിബ് ഇടനാഴി നിർമ്മിച്ചു. ഗുരു നാനാക് ദേവ് ജിയുടെ 550-ാമത്തെ പ്രകാശ് പർവ് ദിനത്തിൽ ഇത് രാജ്യത്തിനായി സമർപ്പിച്ചു. രാജ്യത്തെ പൗരൻമാരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും നിറവേറ്റാനും അവർക്ക് ആവശ്യമായ നിയമങ്ങൾ ഉണ്ടാക്കാനുമാണ് നമ്മുടെ ഭരണഘടന പാർലമെൻറിൽ നിന്നും ഈ സഭയിലെ ഓരോ അംഗത്തിൽ നിന്നും പ്രതീക്ഷിക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു.
എൻെറ സർക്കാരിൻെറ പ്രത്യേക അഭ്യർത്ഥനപ്രകാരം സൗദി അറേബ്യ അഭൂതപൂർവമായ രീതിയിൽ ഹജ്ജ് ക്വാട്ട വർദ്ധിപ്പിച്ചു, ഇതുമൂലം രണ്ട് ലക്ഷം ഇന്ത്യൻ മുസ്ലീംകൾ ഇത്തവണ ഹജ്ജ് നിർവഹിച്ചു. ഹജ്ജിൻെറ മുഴുവൻ പ്രക്രിയയും ഡിജിറ്റലായും ഓൺലൈനായും നടത്തിയ ആദ്യത്തെ രാജ്യമാണ് ഇന്ത്യ.
ബോഡോ കരാർ യാഥാർഥ്യമാക്കിയത് കേന്ദ്ര സർക്കാറിൻെറ നേട്ടമാണെന്നും രാഷ്ട്രപതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.