ന്യൂഡൽഹി/ചെന്നൈ: ചെന്നൈയിൽ അയൽവാസിയായ മുതിർന്ന വനിതയോട് മോശമായി പെരുമാറിയെന്ന് ആരോപണമുയർന്ന എ.ബി.വി.പി നേതാവിന് മധുരയിലെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എ.ഐ.ഐ.എം.എസ്) ബോർഡ് അംഗമായി നിയമനം. എ.ബി.വി.പി ദേശീയ അധ്യക്ഷനായ ഡോ. സുബ്ബയ്യ ഷൺമുഖത്തെയാണ് എയിംസ് ബോർഡ് അംഗമായി നിയമിച്ച് ചൊവ്വാഴ്ച കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ഉത്തരവിറക്കിയത്.
കുറച്ചു മാസങ്ങൾക്ക് മുമ്പാണ് ചെന്നൈയിലെ തെൻറ അപ്പാർട്മെൻറിന് തൊട്ടടുത്ത് താമസിക്കുന്ന 62കാരിയുടെ വാതിൽപടിയിൽ ഷൺമുഖം മൂത്രമൊഴിച്ചതായി പരാതി ഉയർന്നത്. ഇതിെൻറ സി.സി.ടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തെൻറ പാർക്കിങ് സ്ഥലം ഉപയോഗിക്കുന്നതിന് പണം നൽകണമെന്ന് സ്ത്രീ ആവശ്യപ്പെട്ടതാണ് എ.ബി.വി.പി നേതാവിനെ ചൊടിപ്പിച്ചത്. ഫോണിലും ഇയാൾ മോശമായി പെരുമാറിയതായി അവരുടെ കുടുംബം ആരോപിച്ചിരുന്നു.
സംഭവത്തിൽ സ്ത്രീയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. ഷൺമുഖത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. എന്നാൽ, സമ്മർദമുപയോഗിച്ച് പരാതി പിൻവലിച്ചുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അതേസമയം, പരാതി പിൻവലിച്ചിട്ടില്ലെന്നും ഇത്തരമൊരാളെ എയിംസ് ബോർഡിൽ നിയമിച്ചത് അസ്വീകാര്യമാെണന്നും സ്ത്രീയുടെ ബന്ധുക്കളിലൊരാൾ പ്രതികരിച്ചു.
കിൽപോക് മെഡിക്കൽ കോളജിലെ സർജിക്കൽ ഓങ്കോളജി ഡിപാർട്മെൻറ് തലവനാണിപ്പോൾ സുബ്ബയ്യ ഷൺമുഖം. 'ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല. എെൻറ നിയമനം തീർത്തും അക്കാദമിക് യോഗ്യതകളുടെ അടിസ്ഥാനത്തിലാണ്. മറ്റു എയിംസിലും ഒരു ഐ.ഐ.ടിയിലും ഞാൻ നിലവിൽ ബോർഡംഗമാണ്' -പുതിയ നിയമനത്തെക്കുറിച്ചുയർന്ന വിവാദത്തിൽ എ.ബി.വി.പി നേതാവ് 'എൻ.ഡി.ടി.വി'യോട് പ്രതികരിച്ചു.
തമിഴ്നാട് രാഷ്ട്രീയത്തിലും നിയമനം വിവാദങ്ങളുയർത്തുന്നുണ്ട്. ഷൺമുഖത്തിെൻറ മോശമായ പെരുമാറ്റത്തിനുള്ള അംഗീകാരമാണോ പുതിയ സ്ഥാനലബ്ധിയെന്ന് ഡി.എം.കെ നേതാവ് കനിമൊഴി ട്വിറ്ററിൽ ചോദ്യമുന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.