യു.പിയിൽ ജൈന ക്ഷേത്രത്തിനുള്ളിൽ സരസ്വതീ വിഗ്രഹം സ്ഥാപിക്കണമെന്ന് എ.ബി.വി.പി; ക്ഷേത്രം തകർക്കുമെന്നും ഭീഷണി

ലഖ്നോ: യു.പി ഭാഗ്പത് ജില്ലയിലെ ദിഗംബർ ജെയ്ൻ കോളജിനുള്ളിലെ ജൈന ക്ഷേത്രവും ജൈന ദേവിയുടെ വിഗ്രഹവും തകർക്കുമെന്ന് എ.ബി.വി.പിയുടെ ഭീഷണി. ക്ഷേത്രത്തിൽ സ്ഥാപിച്ച ജൈന ദേവതയായ ശ്രുത് ദേവിയുടെ വിഗ്രഹം മാറ്റണമെന്നാണ് എ.ബി.വി.പി ആവശ്യം. പകരം ഹിന്ദു ദേവതയായ സരസ്വതീ ദേവിയുടെ വിഗ്രഹം സ്ഥാപിക്കണമെന്ന് ഇവർ പറയുന്നു. സംഭവത്തിൽ കോളജ് പ്രിൻസിപ്പാൾ പൊലീസിൽ പരാതി നൽകി. എ.ബി.വി.പി പ്രവർത്തകർ ക്ഷേത്രത്തിന് മുന്നിൽ ഭീഷണി മുഴക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

എ.ബി.വി.പി എന്നെഴുതിയ കാവി വസ്ത്രങ്ങളണിഞ്ഞ് ഒരു കൂട്ടമാളുകൾ ജൈന ക്ഷേത്രത്തിന് മുന്നിൽ നിന്ന് ഭീഷണി മുഴക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പൊലീസ് ഇവരെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതും കാണാം.

30 പേരോളം അടങ്ങിയ സംഘത്തിൽ പുറത്തുനിന്നുള്ളവരും ഉണ്ടായിരുന്നെന്ന് കോളജ് പ്രിൻസിപ്പാൾ വീരേന്ദ്ര സിങ് പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ട ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

സരസ്വതീ ദേവിയുടെ വിഗ്രഹം നവീകരിച്ചാണ് ശ്രുത് ദേവിയുടെ വിഗ്രഹം ഇവിടെ സ്ഥാപിച്ചതെന്ന് ചിലർ തെറ്റിദ്ധരിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ബറൗത് സ്റ്റേഷൻ ഓഫിസർ അജയ് ശർമ പറഞ്ഞു. ഇരു വിഭാഗത്തെയും വിളിച്ചിരുത്തി കാര്യങ്ങൾ വിശദീകരിക്കും.

ഏഴ് ദിവസത്തിനകം വിഗ്രഹം മാറ്റിയില്ലെങ്കിൽ ക്ഷേത്രം തകർക്കുമെന്ന് എ.ബി.വി.പി ഭീഷണിപ്പെടുത്തിയതായും ചെരിപ്പിട്ട് ക്ഷേത്രത്തിൽ കയറിയത് വിശ്വാസത്തിൻമേലുള്ള കടന്നുകയറ്റമാണെന്നും ജൈന ചരിത്രകാരൻ അമിത് റായി ജയിൻ പറഞ്ഞു. ജെയിൻ ഗ്രൂപ്പ് അധികൃതർ സംഭവവുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.