ലഖ്നോ: യു.പിയിലെ ഖൊരക്പൂരിൽ യൂനിവേഴ്സിറ്റി വൈസ് ചാൻസലറെ മർദിച്ച് എ.ബി.വി.പി പ്രവർത്തകർ. ദീൻ ദയാൽ ഉപാധ്യായ യുനിവേഴ്സിറ്റി വി.സിക്കാണ് മർദനമേറ്റത്. വി.സിക്കൊപ്പം രജിസ്റ്റാർക്കും മർദനമേറ്റിട്ടുണ്ട്.
യൂനിവേഴ്സിറ്റിയിൽ ക്രമക്കേട് ആരോപിച്ചാണ് മർദനം. യോഗി ആദിത്യനാഥിന്റെ തട്ടകത്തിലാണ് സംഭവം അരങ്ങേറിയിരിക്കുന്നത്. എ.ബി.വി.പിയിൽ പ്രവർത്തിക്കുന്ന വിദ്യാർഥികൾ വൈസ് ചാൻസലറിന്റെ ചേംബറും തകർത്തിട്ടുണ്ട്.
സംഭവത്തിൽ വൈസ് ചാൻസലർ രാജേഷ് സിങ്ങിനും രജിസ്ട്രാർ അജയ് സിങ്ങിനും പരിക്കേറ്റു. നാല് എ.ബി.വി.പി പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. 10 എ.ബി.വി.പി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുനിവേഴ്സിറ്റിയിലെ ക്രമക്കേടുകൾക്കെതിരെ എ.ബി.വി.പി നേരത്തെയും സമരം ചെയ്തിരുന്നു. തുടർന്ന് പ്രശ്നം പരിഹരിക്കാമെന്ന് വൈസ് ചാൻസലർ ഉറപ്പ് നൽകിയിരുന്നു.
എന്നാൽ, ഉറപ്പ് ലംഘിക്കപ്പെട്ടതോടെയാണ് വെള്ളിയാഴ്ച തങ്ങൾ വീണ്ടും സമരത്തിനിറങ്ങിയതെന്ന് എ.ബി.വി.പി പ്രവർത്തകർ പറയുന്നു. സമരത്തിനിടെ വൈസ് ചാൻസലർ ചർച്ചക്ക് വിസമ്മതിച്ചുവെന്നും എ.ബി.വി.പി പ്രവർത്തകർ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.