ബംഗളൂരു: ബംഗളൂരു- മൈസൂരു നിയന്ത്രിത ദേശീയ പാതയിൽ നടന്ന വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. ബംഗളൂരു സ്വദേശികളായ രാജേഷ് (42), ഉമ (35) എന്നിവരാണ് മരിച്ചത്. കുട്ടികളടക്കം നാലുപേർക്ക് പരിക്കേറ്റു.
രാമനഗര കെംപഗൗഡന ദൊഡ്ഡിയിൽ ശനിയാഴ്ച രാവിലെയാണ് അപകടം. ബംഗളൂരുവിൽനിന്ന് മൈസൂരുവിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാർ ട്രക്കിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ട്രക്കിന് പിന്നിൽ ഇടിച്ചുകയറുകയായിരുന്നു. കാറിന്റെ മുൻവശം പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് മൈസൂരു ഭാഗത്തേക്കുള്ള വാഹന ഗതാഗതം അൽപസമയം തടസ്സപ്പെട്ടു.
രാമനഗര പൊലീസ് എത്തി അപകടത്തിൽപെട്ട വാഹനം നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. ബംഗളൂരു- മൈസൂരു നിയന്ത്രിത ദേശീയപാതയിൽ അപകടങ്ങൾ വർധിച്ചതിനെ തുടർന്ന് ഏതാനും മാസം മുതൽ വേഗപരിധി നിശ്ചയിച്ചതടക്കം ട്രാഫിക് വിഭാഗം കർശന നടപടികൾ സ്വീകരിച്ചിരുന്നു. ഇതോടെ ജൂലൈ മുതൽ അപകടങ്ങളുടെ എണ്ണം കുറഞ്ഞതായാണ് കണക്ക്. എക്സ്പ്രസ് വേ എന്നപേരിൽ പാത തുറന്നശേഷം കഴിഞ്ഞ ജൂൺവരെ മാത്രം അപകടങ്ങളിൽ നൂറിലേറെ പേർ മരിക്കുകയും 335 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.