നാഗ്പുർ: എല്ലാ രേഖകളുമുണ്ടായിട്ടും നാഗ്പുർ നഗരസഭ അധികൃതർ വീട് പൊളിച്ചെന്ന് മാർച്ച് 17നുണ്ടായ നാഗ്പുർ വർഗീയ സംഘർഷത്തിൽ പ്രതിചേർക്കപ്പെട്ട യൂസൂഫ് ശൈഖിന്റെ സഹോദരൻ അയാസ് ശൈഖ്. പ്രതികാരം തീർക്കുന്നതുപോലെയാണ് പെരുമാറിയത്. തിങ്കളാഴ്ച അവർ വീടിന്റെ ബാൽക്കണി തകർത്തു. അനധികൃത നിർമാണമാണെന്നാണ് ആരോപിക്കുന്നത്. പൊളിക്കൽ പിന്നീട് ബോംബെ ഹൈകോടതിയുടെ നാഗ്പുർ ബെഞ്ചിന്റെ ഇടപെടലിനെതുടർന്ന് നിർത്തി. സംഘർഷത്തിൽ പ്രതിചേർത്ത ഫഹീം ഖാന്റെ രണ്ടുനില വീട് പൂർണമായും പൊളിച്ചു. മൈനോറിറ്റി ഡെമോക്രാറ്റിക്ക് പാർട്ടി നേതാവാണ് ഫഹിം ശമീം ഖാൻ.
കോടതി ഇടപെടൽ കൊണ്ടുമാത്രമാണ് വീട് പൂർണമായും പൊളിക്കാതിരുന്നത്. തങ്ങൾക്ക് സംഘർഷത്തിൽ യാതൊരു പങ്കുമില്ല. തന്റെ പിതാവിന്റെ ഉടസ്ഥതയിലുള്ള വീടായിരുന്നു ഇത്. 1970കൾ മുതൽ എന്റെ പേരിലാണ്. ഞങ്ങൾ നിയമം പാലിക്കുന്നവരാണ്. -അദ്ദേഹം തുടർന്നു. ശനിയാഴ്ചയാണ് അനധികൃത നിർമാണം പൊളിക്കുന്നതായി നോട്ടീസ് പതിച്ചത്. അവർക്ക് അനുമതി രേഖകളെല്ലാം കാണിച്ചു. ഇത് പരിശോധനക്കായി ഓഫിസിൽ കൊണ്ടുവരാൻ പറഞ്ഞു.
അവിടെ പോയപ്പോൾ അവർ പരിശോധിക്കാൻ തയാറായില്ല. തുടർന്ന് രേഖകൾ തപാൽ വഴി അയച്ചു. തിങ്കളാഴ്ച വീണ്ടും മുനിസിപ്പൽ ഓഫിസിൽ പോയി. പക്ഷേ, അപ്പോഴേക്കും പൊളിക്കൽ ഉത്തരവായിരുന്നു. ഞങ്ങൾ കോടതിയെ സമീപിച്ചതറിഞ്ഞപ്പോൾ അവർ പൊളിക്കൽ വേഗത്തിലാക്കി. കോടതി ഇടപെടൽ ആശ്വാസമായി. എന്നാലും സമൂഹത്തിലെ വില പോയി. വലിയ ധനനഷ്ടവുമുണ്ടായി -അദ്ദേഹം തുടർന്നു.
ഭറൂച്ച്: ഗുജറാത്തിൽ യുവാവിന്റെയും ബന്ധുക്കളുടെയും വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തു. സംഭവത്തിൽ ആറുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. വിവാഹിതയായ യുവതിയോടൊപ്പം ഒളിച്ചോടി എന്ന് സംശയിച്ചാണ് പ്രതികൾ വെള്ളിയാഴ്ച, യുവാവിന്റെയും ബന്ധുക്കളുടെയും ഉൾപ്പെടെ ആറ് വീടുകൾ തകർത്തത്. യുവതിയുടെ ബന്ധുക്കളാണ് പ്രതികൾ. പ്രതികൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.
അമൃത്സർ: കുപ്രസിദ്ധ മയക്കുമരുന്ന് കള്ളക്കടത്തുകാരുടെ വീട് ജില്ല ഭരണകൂടം ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റിയതായി പൊലീസ് പറഞ്ഞു. പ്രതികളായ അൻവർ ഗില്ലിന്റെയും അഭിയുടെയും വീടാണ് പൊളിച്ചുമാറ്റിയത്.
ബന്ധുക്കളായ ഇരുവരും ഒരേ വീട്ടിലാണ് താമസം. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിച്ച പൊലീസ് കമീഷണർ ഗുർപ്രീത് സിങ് ഭുള്ളർ പറഞ്ഞു. പ്രതികൾക്കെതിരെ നാർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട്, ആയുധ നിയമം എന്നിവ പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.