നാഗ്പൂർ: ആർ.എസ്.എസിന്‍റെ വരുമാന സ്രോതസിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി. നാഗ്പൂർ സ്വദേശിയും ആക്ടിവിസ്റ്റുമായ മൊഹ് നിഷ് ജബൽപുരെയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനും ആദായനികുതി വകുപ്പിനും പരാതി നൽകിയത്. കോവിഡ് സാഹചര്യത്തിൽ കോടികളുടെ സഹായ പ്രവർത്തനങ്ങൾ നടത്തിയെന്ന ആർ.എസ്.എസിന്‍റെ അവകാശവാദത്തിന് പിന്നാലെയാണ് പരാതി നൽകിയത്.
ആർ.എസ്.എസിന്‍റെ വരുമാന സ്രോതസിനെതിരെ മൊഹ് നിഷ് ജപൽപുരെ ലോക്കൽ ചാരിറ്റി കമീഷണർക്കും മുഖ്യമന്ത്രിക്കും നേരത്തെ പരാതി നൽകിയിരുന്നു. എന്നാൽ, ആർ.എസ്.എസ് രജിസ്റ്റർ ചെയ്ത സംഘടനയല്ലെന്നും അതിനാൽ അന്വേഷണം നടത്താൻ സാധിക്കില്ലെന്നും ചാരിറ്റി കമീഷണർ വ്യക്തമാക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇ.ഡിയെയും ആദായനികുതി വകുപ്പിനെയും ജപൽപുരെ സമീപിച്ചത്.
കഴിഞ്ഞ വർഷം ജൂണിൽ ഒരു കോടി പേർക്ക് റേഷൻ നൽകിയെന്നും ഏഴു കോടി പേർക്ക് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തെന്നുമാണ് ആർ.എസ്.എസിന്‍റെ അവകാശവാദം. കൂടാതെ, 2020 മാർച്ച്, മെയ് മാസങ്ങളിൽ 2.7 കോടി കുടിയേറ്റ തൊഴിലാളികൾക്ക് സാമ്പത്തികവും അല്ലാത്തതുമായ സഹായങ്ങൾ ചെയ്തെന്നും പറയുന്നു. മഹാമാരി കാലത്ത് ബാങ്ക് അക്കൗണ്ട് പോലും ഇല്ലാത്ത സംഘടനക്ക് എങ്ങനെ ധനസമാഹരണം നടത്താൻ സാധിക്കുമെന്ന് ജപൽപുരെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
പരാതിയിൽ സമൻസ് ലഭിക്കുമ്പോൾ പ്രതികരിക്കാമെന്നും രാജ്യത്തെ നിയമത്തിൽ വിശ്വസിക്കുന്നതായും മുതിർന്ന ആർ.എസ്.എസ് നേതാവ് അരവിന്ദ് കുക്ഡെ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.