ന്യൂയോർക്: സൗരോർജം കൂടിയ വിലക്ക് വിൽപന നടത്തുന്നതിന് ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥർക്ക് 2092 കോടി രൂപ കൈക്കൂലി നൽകിയെന്ന കേസിൽ യു.എസ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച സാഹചര്യത്തിൽ അദാനി ഗ്രൂപ് ഉടമ ഗൗതം അദാനിയുടെ ഭാവി ഇനിയെന്ത് എന്ന കാര്യത്തിൽ നിയമവിദഗ്ധർക്കിടയിൽ ചോദ്യങ്ങളുയരുകയാണ്.
അമേരിക്കൻ കോടതിയുടെ അറസ്റ്റ് വാറന്റ് എങ്ങനെ നടപ്പാക്കുമെന്നതിനെക്കുറിച്ചും ചർച്ചകൾ നടക്കുന്നു. കഴിഞ്ഞ ദിവസമാണ് അദാനിക്കും സഹോദര പുത്രൻ സാഗർ അദാനിക്കുമെതിരെ കോടതി വാറന്റ് പുറപ്പെടുവിച്ചത്. പ്രതിചേർക്കപ്പെട്ടവർ താമസിക്കുന്ന രാജ്യങ്ങളിലാണ് അറസ്റ്റ് വാറന്റ് നൽകുകയെന്ന് ഇന്ത്യൻ അമേരിക്കൻ നിയമവിദഗ്ധൻ രവി ബത്ര പറഞ്ഞു. ആ രാജ്യത്തിന് അമേരിക്കയുമായി കുറ്റവാളികളെ കൈമാറുന്നതിന് കരാറുണ്ടെങ്കിൽ അറസ്റ്റ് വാറന്റ് ലഭിച്ച വ്യക്തിയെ അറസ്റ്റ് ചെയ്ത് അമേരിക്കക്ക് കൈമാറണം. ഇന്ത്യയും അമേരിക്കയും തമ്മിൽ 1997ൽ കുറ്റവാളികളെ കൈമാറുന്നതിന് കരാറുണ്ടാക്കിയിട്ടുണ്ട്. അതിനാൽ, വാറന്റ് നടപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തമുണ്ടാകും.
അതേസമയം, ചിലിയുടെ മുൻ പ്രസിഡന്റ് അഗസ്റ്റോ പിനോഷെക്കെതിരായ അറസ്റ്റ് വാറന്റ് ബ്രിട്ടൻ തള്ളിയ ഉദാഹരണവുമുണ്ട്. മാനുഷിക പരിഗണനകൾ ചൂണ്ടിക്കാട്ടിയാണ് ബ്രിട്ടൻ പിനോഷെയെ കൈമാറാതിരുന്നത്. എന്നാൽ, ഈ കീഴ്വഴക്കം അദാനിയുടെ കാര്യത്തിൽ ബാധകമാകണമെന്നില്ലെന്ന് രവി ബത്ര പറഞ്ഞു. കുറ്റം തെളിയിക്കപ്പെടുന്നതുവരെ പ്രതിചേർക്കപ്പെട്ടവർക്ക് ഭരണഘടനപരമായി നിരപരാധിത്വം അവകാശപ്പെടാനാകും. എന്നാൽ, കോടതിയിൽ നിരപരാധിത്വം തെളിയിക്കാനായില്ലെങ്കിൽ കാര്യങ്ങൾ സങ്കീർണമാകുമെന്നും ബത്ര ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.