ബംഗളൂരു: കൊലക്കേസിൽ പ്രതിയായ കന്നഡ നടൻ ദർശന് പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ വി.വി.ഐ.പി പരിഗണന. ജയിലിൽ പൂന്തോട്ടം പോലെ തോന്നിക്കുന്ന സ്ഥലത്ത് മാനേജർക്കും മറ്റുചിലർക്കുമൊപ്പം കസേരയിൽ ഇരുന്ന് സിഗരറ്റ് വലിക്കുന്നതിന്റെയും കപ്പിൽ എന്തോ കുടിക്കുന്നതിന്റെയുമെല്ലാം ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. കറുത്ത പാന്റും ചാരനിറത്തിലുള്ള ടീഷർട്ടുമണിഞ്ഞ് ആഹ്ലാദത്തോടെ ഇരിക്കുന്ന ദർശന്റെ ചിത്രം രൂക്ഷ വിമർശനങ്ങൾക്കിടയാക്കിയിട്ടുണ്ട്.
ജയിലിൽ വീട്ടിൽനിന്നുള്ള ഭക്ഷണവും വസ്ത്രവും കിടക്കയും ആവശ്യപ്പെട്ട് നേരത്തെ ദർശൻ നൽകിയ ഹരജി ബംഗളൂരു 24ാം എ.സി.എം.എം കോടതി തള്ളിയിരുന്നു. കൊലക്കേസ് പ്രതിക്ക് ഇവ അനുവദിക്കാനാവില്ലെന്നായിരുന്നു കോടതി പറഞ്ഞത്. ഈ ആവശ്യം ഉന്നയിച്ച് ആദ്യം ഹൈകോടതിയെയാണ് സമീപിച്ചത്. ഹൈകോടതി നിർദേശപ്രകാരമായിരുന്നു എ.സി.എം.എം കോടതിയിൽ അപേക്ഷ നൽകിയത്. ഹൈകോടതിയിൽ നൽകിയ അപേക്ഷ പിന്നീട് പിൻവലിക്കുകയും ചെയ്തിരുന്നു.
തന്‍റെ ആരാധകനായ ചിത്രദുർഗ സ്വദേശി രേണുകസ്വാമിയെ തട്ടിക്കൊണ്ടുവന്ന് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ ശേഷം കാമാക്ഷിപാളയിലെ മലിനജല കനാലിൽ തള്ളിയെന്ന കേസിൽ ജൂൺ 11നാണ് ദർശൻ അറസ്റ്റിലായത്. മൃതദേഹം നായകൾ കടിച്ചുവലിക്കുന്നത് സ്വകാര്യ അപ്പാർട്ട്മെന്റിലെ സുരക്ഷ ജീവനക്കാർ കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ദർശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രതികരിച്ചതിനായിരുന്നു കൊലപാതകം. കേസിൽ ദർശനും പവിത്രയും അടക്കം 17 പ്രതികളാണുള്ളത്.
ദർശനിൽനിന്ന് 83.65 ലക്ഷം രൂപ പിടിച്ചെടുത്തതായും കൊലപാതകത്തിന് ശേഷം പല പേരിൽ പല സിം കാർഡുകൾ ഉപയോഗിച്ചതായി കണ്ടെത്തിയെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. രേണുകസ്വാമിയെ ചെരിപ്പൂരി അടിച്ചതു മുതൽ ഗൂഢാലോചനയിലും കൊലപാതകത്തിലുംവരെ നടി പവിത്ര ഗൗഡക്ക് നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കേസിന്റെ നടപടികൾ അന്തിമ ഘട്ടത്തിലാണെന്ന് ആഗസ്റ്റ് 16ന് ബംഗളൂരു പൊലീസ് കമീഷണർ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.