'88 വയസല്ലേ ഉള്ളൂ, ഒരു 15 വർഷം കൂടി കാത്തിരിക്കാമായിരുന്നു'; ബി.ജെ.പിയിൽ ചേർന്ന ഇ. ശ്രീധരനെ പരിഹസിച്ച് സിദ്ധാർഥ്

ബി.ജെ.പിയിൽ ചേർന്ന മെട്രോമാൻ ഇ. ശ്രീധരനെ പരിഹസിച്ച് നടനും സംഘ്പരിവാർ വിമർശകനുമായ സിദ്ധാർഥ്. 88 വയസല്ലേ ആയിട്ടുള്ളൂ. 10-15 വർഷം കൂടി കാത്തിരിക്കാമായിരുന്നവെന്ന് സിദ്ധാർഥ് ട്വീറ്റിൽ പറഞ്ഞു.

'ഇ. ശ്രീധരൻ സാറിനോടും സാങ്കേതിക വിദഗ്ധൻ എന്ന നിലക്ക് അദ്ദേഹം രാജ്യത്തിന് നൽകിയ സേവനങ്ങളോടും ഏറെ ആരാധനയാണുള്ളത്. ഏറെ ആവേശത്തോടെ അദ്ദേഹം ബി.ജെ.പിയിൽ ചേരുകയും കേരളത്തിന്‍റെ അടുത്ത മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. ഈ തീരുമാനം കുറച്ച് നേരത്തെ ആയിപ്പോയോ എന്നാണ് എന്‍റെ സംശയം. 88 വയസ് ആയതല്ലേയുള്ളൂ. ഒരു 10-15 വർഷം കൂടി കാത്തിരിക്കാമായിരുന്നു എന്നാണ് എന്‍റെ വിനീതമായ അഭിപ്രായം' -സിദ്ധാർഥ് ട്വീറ്റ് ചെയ്തു.

ഏതാനും ദിവസം മുമ്പാണ് ഇ. ശ്രീധരൻ ബി.ജെ.പിയിൽ ചേരുന്ന കാര്യം പ്രഖ്യാപിച്ചത്. താൻ മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യനാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിരുന്നു. ബി.ജെ.പി രാജ്യസ്നേഹികളുടെ പാർട്ടിയാണെന്നും കേരളത്തിനായി തനിക്ക് ഏറെ ചെയ്യാനാകുമെന്നുമാണ് ഇ. ശ്രീധരൻ പറഞ്ഞത്. ശ്രീധരൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും വ്യക്തമാക്കിയിരുന്നു.

ബി.ജെ.പിയുടെ നിരന്തര വിമർശകനായ നടൻ സിദ്ധാർഥ് നേരത്തെയും നിരവധി വിഷയങ്ങളിൽ വിമർശനമുയർത്തി സംഘ്പരിവാറിന്‍റെ ശത്രുത സമ്പാദിച്ചിട്ടുണ്ട്. ഗ്രെറ്റ ടൂൾകിറ്റ് കേസിൽ അറസ്റ്റിലായ കാലാവസ്ഥാ പ്രവർത്തക ദിശ രവിക്ക് സിദ്ധാർഥ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ ഏറെ മാറിപ്പോയെന്നും പണ്ട് അഭിപ്രായത്തിന്‍റെ പേരിൽ ആരും രാജ്യത്ത് ആക്രമിക്കപ്പെട്ടിട്ടില്ലായിരുന്നെന്നും സിദ്ധാർഥ് പറഞ്ഞിരുന്നു. 

Tags:    
News Summary - actor sidharth criticize e sreedharans decision to join bjp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.