ചണ്ഡീഗഢ്: 2022ൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ പഞ്ചാബ് രാഷ്ട്രീയത്തിൽ സസ്പെൻസ്. ബോളിവുഡ് താരം സോനു സൂദിന്‍റെ സഹോദരി മാളവിക സൂദ് മത്സരത്തിനിറങ്ങും. ചണ്ഡീഗഢിൽനിന്ന് 170 കിലോമീറ്റർ അകലെയുള്ള മോഗയിൽനിന്നാണ് ജനവിധി തേടുകയെന്നാണ് വിവരം. മോഗയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സോനു സൂദ് അറിയിച്ചതാണ് ഇക്കാര്യം.
കോവിഡ് മഹാമാരിക്കാലത്തും ലോക്ഡൗണിലും സോനു സൂദ് നടത്തിയ പ്രവർത്തനങ്ങൾക്ക് വൻ പ്രശംസ നേടിയിരുന്നു. അടുത്തിടെ പഞ്ചാബ് മുഖ്യമന്ത്രി ചരൻജീത് സിങ് ചന്നിയുമായി നടത്തിയ സോനുവിന്‍റെ കൂടിക്കാഴ്ചയും ചർച്ചയായിരുന്നു. എന്നാൽ, ഏത് പാർട്ടിയുടെ ഭാഗമായാണ് മത്സര രംഗത്തിറങ്ങുകയെന്ന കാര്യം വ്യക്തമല്ല.
നേരത്തേ വാക്സിനേഷൻ അംബാസിഡറായി പ്രഖ്യാപിക്കാൻ മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് സോനുവിനെ ചണ്ഡീഗഢിലേക്ക് വിളിപ്പിച്ചിരുന്നു. ഈ സമയത്ത് സഹോദരി മാളവികയെ അമരീന്ദറിന് പരിചയപ്പെടുത്തി നൽകിയിരുന്നു. ഈ സമയത്താണ് മാളവിക രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന അഭ്യൂഹം ആദ്യം പരന്നത്.
നേരത്തേ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായും സോനു സൂദ് കൂടിക്കാഴ്ച നടത്തിയിരുന്നു. സ്കൂൾ വിദ്യാർഥികൾക്കായി ആരംഭിച്ച പദ്ധതിയിൽ ബ്രാൻഡ് അംബാസിഡറായി സോനുവിനെ തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. ഇരുവരുടെയും കൂടിക്കാഴ്ചയെ തുടർന്ന് സോനു എ.എ.പിയിൽ ചേരുമെന്നും അടുത്ത വർഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ ഇരുവരും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ രാഷ്ട്രീയ ചർച്ചകളുണ്ടായിരുന്നില്ലെന്നായിരുന്നു സോനു പിന്നീട് നടത്തിയ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.