ന്യൂഡൽഹി: അദാനി കമ്പനികൾ കാറ്റ് പാതി പോയ ബലൂണായി മാറിയതിനിടയിൽ വ്യവസായ സാമ്രാജ്യം വിപുലപ്പെടുത്താൻ ഗൗതം അദാനി ഇസ്രായേലിൽ. അവിടത്തെ തുറമുഖങ്ങളിൽ രണ്ടാം സ്ഥാനത്തുള്ള ഹൈഫ ഇപ്പോൾ അദാനിയുടെ നിയന്ത്രണത്തിൽ.
അദാനിയുടെ ഇസ്രായേൽ പ്രവേശനം ആഘോഷമാക്കാൻ ചൊവ്വാഴ്ച നടത്തുന്ന ചടങ്ങിൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും പങ്കെടുക്കും. ഹൈഫ തുറമുഖ സ്വകാര്യവത്കരണം പ്രഖ്യാപിച്ചപ്പോൾ ഏറ്റവും ഉയർന്ന തുക വാഗ്ദാനം ചെയ്തത് അദാനി നയിക്കുന്ന കൺസോർട്യമാണ്.
അദാനി പോർട്സിന് 70ഉം ഇസ്രായേലിലെ ഗഡോട്ട് ഗ്രൂപ്പിന് 30ഉം ശതമാനം പങ്കാളിത്തമുള്ള സംയുക്ത സംരംഭം തുറമുഖം പിടിക്കാൻ മുടക്കിയത് 118 കോടി ഡോളർ. ഇസ്രായേൽ ഭരണകൂടത്തെ അമ്പരപ്പിച്ചാണ് അദാനി പ്രവേശനം. തൊട്ടു പിന്നിൽ നിന്ന കമ്പനിയേക്കാൾ 55 ശതമാനം കൂടുതൽ തുകയാണ് കൺസോർട്യം നൽകിയത്. തങ്ങളുടെ വ്യാപാരലക്ഷ്യങ്ങളാണ്, ഇപ്പോൾ മുടക്കുന്ന തുകയല്ല പ്രധാനമെന്നാണ് അദാനി പറഞ്ഞത്.
ഇന്ത്യയിൽ 13 തുറമുഖങ്ങൾ ഇതിനകം അദാനിയുടെ നിയന്ത്രണത്തിലായി. സമുദ്രവ്യാപാരത്തിന്റെ 24 ശതമാനവും അദാനിയുടെ നിയന്ത്രണത്തിൽ. ഹൈഫ തുറമുഖം വരുതിയിലായാൽ ഏഷ്യ-യൂറോപ്പ് വ്യാപാരത്തിന്റെ ഇടത്താവളമാക്കി മാറ്റാൻ കഴിയുമെന്ന കണക്കുകൂട്ടലിലാണ് അദാനി.
അതിനിടെ, ഇന്ത്യയിൽ നേരിട്ട പ്രതിസന്ധി മുന്നേറ്റത്തെ ബാധിച്ചേക്കും. 6600 കോടി ഡോളറിന്റെ നഷ്ടമാണ് മൂന്നു ദിവസത്തെ ഓഹരി വിലത്തകർച്ചയിലൂടെ അദാനി ഗ്രൂപ്പിന് ഇതിനകം ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.