ന്യൂഡൽഹി: ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് അദാനി കമ്പനികളുടെ ഓഹരി വിലയിടിവിൽ നിക്ഷേപകർക്ക് കനത്ത തിരിച്ചടിയേറ്റ സാഹചര്യത്തിൽ വിദഗ്ധ സമിതിയെ നിയോഗിക്കാമെന്ന സുപ്രീംകോടതി നിർദേശം കേന്ദ്ര സർക്കാർ അംഗീകരിച്ചു.
അതേസമയം സാഹചര്യം നേരിടാൻ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി) പ്രാപ്തമാണെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. സമിതി സംബന്ധിച്ച് കേന്ദ്രത്തിന്റെ നിർദേശങ്ങൾ ബുധനാഴ്ചക്കകം നൽകണമെന്നും വെള്ളിയാഴ്ച വീണ്ടും കേസ് കേൾക്കാമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി. സുപ്രീംകോടതിയുടെ നിർദേശമെന്ന നിലക്ക് ഒരു സമിതിയുണ്ടാക്കുന്നതിൽ കേന്ദ്ര സർക്കാറിന് എതിർപ്പില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബോധിപ്പിച്ചു.
രാജ്യത്ത് നിലവിലുള്ള നിയന്ത്രണ സംവിധാനങ്ങൾക്ക് മേൽ നിരീക്ഷണം വേണമെന്ന ബോധപൂർവമല്ലാത്ത ഒരു സന്ദേശം അതുവഴി രാജ്യത്തിനകത്തും പുറത്തുമുള്ള നിക്ഷേപകർക്കുമുണ്ടായാൽ പണത്തിന്റെ ഒഴുക്കിനെ ദോഷകരമായി ബാധിക്കുമെന്നും മേത്ത ഓർമിപ്പിച്ചു. അതിനാൽ സമിതിയുടെ നിയന്ത്രണം, അംഗങ്ങൾ എന്നിവ സംബന്ധിച്ച് നിർദേശം നൽകാൻ തങ്ങളെ അനുവദിക്കണം. ഇക്കാര്യം തുറന്ന കോടതിയിൽ ചർച്ചയാകുന്നത് അനുചിതമാണെന്നും അതിനാൽ മുദ്രവെച്ച കവറിൽ സമിതി അംഗങ്ങളുടെ പേരുകൾ സമർപ്പിക്കാമെന്നും ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ജെ.ബി. പർദിവാല എന്നിവർ കൂടി അടങ്ങുന്ന ബെഞ്ചിനോട് മേത്ത പറഞ്ഞു.
അദാനിയുടെ ഓഹരിവില ഇടിയാൻ കാരണമായ അമേരിക്കൻ നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച രണ്ട് ഹരജികൾ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
ഗൗതം അദാനിക്കെതിരെ ആരോപണങ്ങളുയർത്തിയ ഹിൻഡൻബർഗ് റിപ്പോർട്ടിനെ കുറിച്ച് റിട്ട: സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണമാവശ്യപ്പെട്ട് അഡ്വ. വിശാൽ തിവാരിയും ഹിൻഡൻബർഗ് റിസർച് സ്ഥാപകൻ നഥാൻ ആൻഡേഴ്സണെതിരെ അന്വേഷണമാവശ്യപ്പെട്ട് അഡ്വ. മനോഹർ ലാൽ ശർമയുമാണ് ഹരജികൾ സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.