കോവിഷീൽഡും കോവാക്​സിനും ഇടകലർത്തി നൽകരുതെന്ന്​ പൂനാവാലെ; കാരണമിതാണ്​

പുണെ: മികച്ച ഫലപ്രാപ്തിക്കായി രണ്ട് വ്യത്യസ്ത കൊറോണ വൈറസ് വാക്സിനുകൾ ഒരാളിൽ ഇടകലർത്തി നൽകുന്നതിനെ അനുകൂലിക്കുന്നില്ലെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചെയർമാൻ ഡോ. സൈറസ് പൂനാവാലെ. പുണെയിൽ ലോകമാന്യ തിലക് ദേശീയ അവാർഡ് സ്വീകരിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഞങ്ങളുടെ കോവിഷീൽഡും ഭാരത്​ ബയോടെക്കിന്‍റെ കോവാക്​സിനും ഒരാളിൽ ഇടകലർത്തി നൽകുന്നതിനെ എതിർക്കുന്നു​. രണ്ട് വ്യത്യസ്ത വാക്സിനുകൾ കൂട്ടികലർത്തേണ്ട ആവശ്യമില്ല. ഇടകലർത്തിയ വാക്സിനുകൾ മികച്ച ഫലമല്ല നൽകുന്നതെങ്കിൽ ഒരു കമ്പനി മറ്റുള്ള നിർമാതാക്കളെ കുറ്റം പറയും. അവരുടെ വാക്​സിൽ ഇടകലർത്തിയതിനാലാണ്​ ഫലം വിപരീതമാ​യതെന്ന ആക്ഷേപം ഉയരാൻ സാധ്യതയുണ്ട്​. കൂടാതെ, ആയിരക്കണക്കിന്​ ആളുകളിൽ പരീക്ഷണം നടത്തി ഇതിന്‍റെ ഫലപ്രാപ്​തി തെളിയിക്കപ്പെട്ടിട്ടില്ല' -പൂനവാലെ കൂട്ടിച്ചേർത്തു.

കോവാക്‌സിനും കോവിഷീല്‍ഡും ഇടകലര്‍ത്തി നൽകുന്നതിന്​ പഠനം നടത്താൻ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) കഴിഞ്ഞദിവസമാണ്​ അംഗീകാരം നൽകിയത്​. വെല്ലൂരിലുള്ള ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിലാണ് മിശ്രിത വാക്‌സിന്‍ പഠനവും അതിനുശേഷമുള്ള ക്ലിനിക്കൽ പരീക്ഷണവും നടക്കുന്നത്.

300 സന്നദ്ധപ്രവർത്തകരിലാണ് ആദ്യം പരീക്ഷണം നടത്തുക. ഒരു ഡോസ് കോവിഷീല്‍ഡും അടുത്ത ഡോസ് കോവാക്‌സിനുമാണ് കുത്തിവെക്കുക. മിക്‌സഡ് ഡോസ് ഫലപ്രദമാണെന്നാണ്​ ഐ.സി.എം.ആറിന്‍റെ റിപ്പോര്‍ട്ട്. ഇതിന്‍റെ പശ്ചാതലത്തിലാണ് പരീക്ഷണത്തിന് ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ അനുമതി നല്‍കിയത്

ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ഥ് നഗറില്‍ അബദ്ധവശാല്‍ 18 പേര്‍ക്ക് വ്യത്യസ്​ത വാക്‌സിനുകളുടെ രണ്ടു ഡോസ് നല്‍കിയിരുന്നു. ഇവരടക്കം 98 പേരിലാണ് ഐ.സി.എം.ആർ പഠനം നടത്തിയത്. കോവിഡ് വാക്‌സിന്‍ എടുക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന പനിപോലുള്ളവക്ക് കോവീഷില്‍ഡും കോവാക്‌സിനും ചേര്‍ത്തുള്ള മിശ്രിതം ഫലപ്രദമാണെന്നാണ്​ ഐ.സി.എം.ആര്‍ ഉള്‍പ്പടെയുള്ള കേന്ദ്രങ്ങള്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്​.

Tags:    
News Summary - adar poonawalla says covishield and covaxin are not to mix

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.