ന്യൂഡൽഹി: ലഖിംപുർ ഖേരിയിൽ കർഷകരെ വാഹനം കയറ്റിക്കൊന്ന സംഭവത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര അടക്കം 13 പ്രതികൾക്കെതിരെ കൊലപാതകശ്രമം അടക്കം പുതിയ വകുപ്പുകൾ ചുമത്താൻ പ്രത്യേക അന്വേഷണ സംഘ(എസ്.െഎ.ടി)ത്തിന് ലഖിംപുർ കോടതി അനുമതി നൽകി. ആശിഷ് മിശ്ര അടക്കം 13 പ്രതികളെയും ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയപ്പോഴാണ് എസ്.ഐ.ടിയുടെ ആവശ്യം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ചിന്താറാം അനുവദിച്ചത്.
ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ സമരക്കാരായ കർഷകരെ വാഹനം കയറ്റി കൂട്ടക്കൊല നടത്തിയത് മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് കണ്ടെത്തിയ പ്രത്യേക അന്വേഷണസംഘം ഇതിന് പിന്നിൽ ആസൂത്രിത ഗൂഢാലോചനയുള്ളതു കൊണ്ടാണ് കൂടുതൽ വകുപ്പുകൾ ചേർക്കാൻ അപേക്ഷ നൽകിയത്. നേരത്തെ ചേർത്ത ഗൗരവം കുറഞ്ഞ വകുപ്പുകൾ മാറ്റി കടുത്ത ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ചേർക്കാൻ നൽകിയ അപേക്ഷ കോടതി അംഗീകരിച്ചു.
നിലവിൽ ചുമത്തിയ കൊലപാതകക്കുറ്റത്തിനും ഗൂഢാലോചനക്കുറ്റത്തിനും പുറമെയാണിത്. നേരത്തെ ഉൾപ്പെടുത്തിയ ഇന്ത്യൻ ശിക്ഷ നിയമത്തിലെ 279, 338, 304എ വകുപ്പുകൾ മാറ്റി പകരം 34, 307, 326 വകുപ്പുകൾ ചേർക്കണം എന്നായിരുന്നു എസ്.ഐ.ടി അന്വേഷണ ഉദ്യോഗസ്ഥനായ വിദ്യാറാം ദിവാകർ ലഖിംപുർ ചീഫ് ജുഡീഷ്യൽ മജിസ്ട്രറ്റ് മുമ്പാകെ സമർപ്പിച്ച അപേക്ഷ. ഇതിൽ 34ാം വകുപ്പ് ചേർക്കണമെന്നത് അനാവശ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കർഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ സംഭവത്തിലും തുടർന്നുണ്ടായ അക്രമത്തിലും നാല് കർഷകരും ഒരു പത്രപ്രവർത്തകനുമടക്കം എട്ടുപേരാണ് കൊല്ലപ്പെട്ടത്. രണ്ട് എഫ്.ഐ.ആറുകൾ സംഭവത്തെത്തുടർന്ന് പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു.
മാധ്യമങ്ങളോട് മന്ത്രിക്കലിപ്പ്
ന്യൂഡൽഹി: ലഖിംപുർ സംഭവത്തോടെ ഇളകുന്ന കസേരയിലായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ കലിപ്പ് മാധ്യമങ്ങൾക്കുനേരെ. പ്രത്യേകാന്വേഷണ സംഘത്തിെൻറ റിപ്പോർട്ടിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകനു നേരെ മിശ്ര തട്ടിക്കയറി. ഇതിെൻറ വിഡിയോ ചിത്രം പുറത്തായത് മന്ത്രിയെ കൂടുതൽ കുരുക്കി.
കർഷകരെ വണ്ടി കയറ്റി കൊന്ന കേസിൽ മുഖ്യപ്രതിയായ മകൻ ആശിഷിനെ ലഖിംപുർ ജയിലിൽ ചെന്നുകണ്ടശേഷം ഒരു പരിപാടിയിൽ പങ്കെടുത്ത് പുറത്തിറങ്ങുമ്പോഴായിരുന്നു മന്ത്രിയുടെ രോഷം. 'ഇത്തരം വൃത്തികെട്ട ചോദ്യങ്ങൾ ചോദിക്കരുത്.
നിങ്ങക്ക് ഭ്രാന്താണോ?' ലഖിംപുർ സംഭവം ആസൂത്രിതമാണെന്ന എസ്.ഐ.ടി റിപ്പോർട്ടിനെക്കുറിച്ച് പ്രതികരണം ആരാഞ്ഞ മാധ്യമപ്രവർത്തകനോട് മന്ത്രി ചോദിച്ചു. മൈക്ക് ഓഫാക്കാൻ ആവശ്യപ്പെട്ട് അത് പിടിച്ചു വാങ്ങുന്നതും വിഡിയോയിലുണ്ട്. റിപ്പോർട്ടർമാരെ ചോർ (കള്ളന്മാർ) എന്നു വിളിക്കുന്നതു കേൾക്കാം.
യു.പിയിൽനിന്ന് കേന്ദ്രമന്ത്രിസഭയിലുള്ള ഏക ബ്രാഹ്മണ പ്രതിനിധിയായ അജയ് മിശ്രയെ തെരഞ്ഞെടുപ്പ് അടുത്ത നേരത്ത് മന്ത്രിസഭയിൽ വെച്ചുകൊണ്ടിരിക്കാനും വയ്യ, പുറത്താക്കാനും വയ്യ എന്ന സ്ഥിതിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.