ന്യൂഡൽഹി: എ.ഡി.ജി.പി എം.ആർ. അജിത് കുമാർ ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ വിഷയത്തിൽ സി.പി.ഐ നിലപാട് കടുപ്പിച്ചു. കൂടിക്കാഴ്ച എന്തെല്ലാം പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന ആശങ്ക പാർട്ടിക്കുണ്ടെന്ന് പാർട്ടി ജനറൽ സെക്രട്ടറി ഡി.രാജ വ്യക്തമാക്കി.
സംഭവം കേരളത്തിലും പുറത്തും വൻ വിവാദമായിരിക്കുകയാണ്. കൂടിക്കാഴ്ച നടത്തിയ സമയം, വിഷയം തുടങ്ങിയ കാര്യങ്ങളിൽ ഊഹാപോഹങ്ങൾ ഉയരുന്നുണ്ട്. ഉന്നതതല പൊലീസ് ഉദ്യോഗസ്ഥൻ എന്തിനാണ് ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്?, എന്തായിരുന്നു പശ്ചാത്തലം? തുടങ്ങിയ കാര്യങ്ങളിൽ ഉത്തരം കിട്ടേണ്ടതുണ്ട്.
നിലവില്‍ എൽ.ഡി.എഫിന്റെ ഭാഗമാണ് സി.പി.ഐ. എന്നാല്‍, പാർട്ടിക്ക് തങ്ങളുടേതായ ഉത്തരവാദിത്തങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൂടിക്കാഴ്ച സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ സംസ്ഥാന നേതൃത്വത്തിന് ദേശീയ നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്.
വിവാദത്തിൽ പ്രതികരിക്കാൻ സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് തയാറായില്ല. കേരളത്തിലെ വിഷയം അവിടെയാണ് ചോദിക്കേണ്ടതെന്നുപറഞ്ഞ് നേരത്തെയും പ്രകാശ് കാരാട്ട് ഒഴിഞ്ഞുമാറിയിരുന്നു. എന്നാൽ, ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എം.ആർ അജിത്കുമാറിനെ പൊലീസ് തലപ്പത്ത് തുടരാൻ അനുവദിക്കുന്നത് അപകടകരമാണെന്ന് ഐ.ഐ.വൈ.എഫ് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.