കൽക്കത്ത: നന്ദിഗ്രാം തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് താൻ സമർപ്പിച്ച ഹരജി പരിഗണിക്കുന്നതിൽനിന്ന് ബി.ജെ.പിയുമായി മുൻകാല ബന്ധമുള്ള ജഡ്ജിയെ ഒഴിവാക്കണമെന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ഹരജിയിൽ വിധിപറയൽ മാറ്റിവെച്ച് ഹൈകോടതി. ജസ്റ്റിസ് കൗശിക് ചന്ദ തെരഞ്ഞെടുപ്പ് ഹരജികളിൽ വാദം കേൾക്കുന്നതിനെതിരെയാണ് മമത ബാനർജി കോടതിയെ സമീപിച്ചത്.
നേരത്തേ, ബി.ജെ.പിയുടെ സജീവ അംഗമായിരുന്നതിനാൽ തെരഞ്ഞെടുപ്പ് കേസുകൾ പരിഗണിക്കുേമ്പാൾ പക്ഷാപാതപരമായി ഇടപെടാൻ സാധ്യതയുണ്ടെന്ന് മമതക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എ.എം സിങ്വി വാദിച്ചു. 2015ൽ അഡീഷനൽ സോളിസിറ്റർ ജനറലായി നിയമിക്കപ്പെടുന്നതുവരെ ജസ്റ്റിസ് ചന്ദ ബി.ജെ.പി അംഗമായിരുന്നു.
എന്നാൽ, ആരോപിക്കപ്പെട്ടപോലെ താൻ ഒരിക്കലും ബി.ജെ.പി ലീഗൽ സെൽ കൺവീനറായിരുന്നില്ലെന്ന് ജസ്റ്റിസ് ചന്ദ പറഞ്ഞു. അതേസമയം, കൽക്കത്ത ഹൈകോടതിയിൽ നിരവധി കേസുകളിൽ പാർട്ടിയെ പ്രതിനിധാനംചെയ്തിട്ടുണ്ടെന്നും 2014ൽ അമിത് ഷായുടെ റാലിക്ക് അനുമതി നിഷേധിച്ച കേസിൽ ബി.ജെ.പിക്ക് വേണ്ടി ഹാജരായിട്ടുണ്ടെന്നും അദ്ദേഹം സമ്മതിച്ചു. മാധ്യമ വിചാരണക്ക് വഴങ്ങി കേസിൽനിന്നും സ്വയം പിൻമാറില്ല. ജൂൺ 18ന് നൽകിയ തെരഞ്ഞെടുപ്പ് ഹരജിയിൽ എന്തുെകാണ്ട് വിഷയം ഉന്നയിച്ചില്ലെന്നും ജസ്റ്റിസ് ചന്ദ ചോദിച്ചു.
നന്ദിഗ്രാം നിയോജക മണ്ഡലത്തിൽ തെൻറ എതിരാളിയും ബി.ജെ.പി സ്ഥാനാർഥിയുമായിരുന്ന സുവേന്ദു അധികാരിയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തു മമത നൽകിയ ഹരജിയാണ് ജസ്റ്റിസ് ചന്ദയുടെ െബഞ്ചിൽ വിധിന്യായത്തിന് എത്തിയത്. ബി.ജെ.പി അംഗമായ സുവേന്ദു അധികാരിയും പാർട്ടിയിൽ അംഗമായിരുന്ന ജഡ്ജിയും തമ്മിൽ ധാരണയിലെത്താൻ സാധ്യതയുണ്ടെന്നും തങ്ങൾക്ക് നീതി ലഭിക്കാൻ അത് തടസ്സമാകുമെന്നും മമതയുടെ അഭിഭാഷകൻ വാദിച്ചു. ജസ്റ്റിസ് കൗശിക് ചന്ദയുടെ ബെഞ്ചിൽനിന്ന് തെരഞ്ഞെടുപ്പ് കേസ് മാറ്റണമെന്നാവശ്യപ്പെട്ട് ആക്ടിങ് ചീഫ് ജസ്റ്റിസ് രാജേഷ് ബിൻഡാലിന് മമത നൽകിയ ഹരജിയിലാണ് കോടതി തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.