മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ വാശിയേറിയ പോരാട്ടം നടന്ന മുംബൈയിലെ വർളി മണ്ഡലത്തിൽ ആദിത്യ താക്കറെ 600 വോട്ടുകൾക്ക് പിന്നിൽ. കോൺഗ്രസ് വിട്ട് ശിവസേനാ ഷിൻഡെ വിഭാഗത്തിലെത്തിയ മിലിന്ദ് ദേവ്റയാണ് മുന്നിൽ.
ശിവസേനയുടെ ശക്തികേന്ദ്രമായ മണ്ഡലത്തിൽ ഉദ്ധവ്, ഷിൻഡെ വിഭാഗം തമ്മിലായിരുന്നു പ്രധാന മത്സരം. 2019ൽ മണ്ഡലത്തിൽ ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ അനായാസം ജയിച്ചുകയറിയെങ്കിലും ഇത്തവണ മത്സരം കടുത്തതായിരുന്നു. 2019ൽ സഖ്യകക്ഷിയായിരുന്ന ബി.ജെ.പി മറുഭാഗത്താണ്, ശിവസേനയാകട്ടെ പിളരുകയും ചെയ്തു. കോൺഗ്രസ്, എൻ.സി.പി (ശരദ് പവാർ), ശിവസേന (ഉദ്ധവ്) പാർട്ടികൾ മഹാ വികാസ് ആഘാഡി സഖ്യമായാണ് മത്സരിച്ചത്.
രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൺ സേനാ സ്ഥാനാർഥി സന്ദീപ് ദേശ്പാണ്ഡെയും മണ്ഡലത്തിൽ മത്സരിച്ചിരുന്നു. ശിവസേനയുടെ മറാഠി വോട്ടുകൾ ദേശ്പാണ്ഡെ ഭിന്നിപ്പിച്ചെന്നാണ് ആദ്യഫലം നൽകുന്ന സൂചന. 2019ൽ ഉദ്ധവ് രൂപവത്കരിച്ച മഹാ വികാസ് അഘാഡി സർക്കാറിൽ പരിസ്ഥിതി, ടൂറിസം മന്ത്രിയായിരുന്നു ആദിത്യ. താക്കറെ എന്ന വിലാസമാണ് അദ്ദേഹത്തിന്റെ ബലം. മണ്ഡലത്തിൽ സജീവമായ ആദിത്യക്ക് ശിവസേന പിളർന്നതിന്റെ പേരിലുള്ള സഹതാപം വോട്ടായില്ലെന്നുവേണം കരുതാം.
കോൺഗ്രസിന്റെ മുൻ എം.പിയും മുൻ കേന്ദ്രമന്ത്രിയുമാണു മിലിന്ദ്. മുൻ കേന്ദ്രമന്ത്രി മുരളി ദേവ്റയുടെ മകൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.