ന്യൂഡൽഹി: ധ്രുവീകരണമാണ് കേന്ദ്ര സർക്കാറിന്റെ ഏക സിവിൽ കോഡ് നീക്കത്തിന് പിന്നിലെന്ന ആക്ഷേപം സാധൂകരിക്കുംവിധം പുതിയ വാദവുമായി ബി.ജെ.പി. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെയും മറ്റു മേഖലകളിലെയും ആദിവാസി-ഗോത്രവർഗ വിഭാഗങ്ങൾക്ക് ഏക സിവിൽ കോഡ് ബാധകമാക്കാൻ പറ്റില്ലെന്ന വാദം പാർലമെന്റ് സ്ഥിരം സമിതിയിൽ ബി.ജെ.പി മുന്നോട്ടുവെച്ചു. പ്രത്യേക സമുദായത്തെ മാത്രം എതിർപക്ഷത്തുകൊണ്ടുവന്നും മറ്റു സമുദായങ്ങളുടെ എതിർപ്പിനുള്ള സാധ്യത അടച്ചും 2024ലെ തെരഞ്ഞെടുപ്പിൽ ധ്രുവീകരണം ശക്തമാക്കുക തന്നെയാണ് ഈ നീക്കത്തിനു പിന്നിലെന്ന ആരോപണം ഇതോടെ ശക്തമാകുകയാണ്.
ഏക സിവിൽ കോഡിനു വേണ്ടി സർക്കാർ നടത്തുന്ന കരുനീക്കങ്ങളെ ചൊല്ലി ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടലിനും സമിതി യോഗം സാക്ഷ്യം വഹിച്ചു. സർക്കാർ ലോക്സഭ തെരഞ്ഞെടുപ്പ് ലാക്കാക്കി വോട്ടു രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രതിപക്ഷ അംഗങ്ങൾ കുറ്റപ്പെടുത്തി.
ഏക സിവിൽ കോഡിന്റെ കാര്യത്തിലുള്ള നടപടി പുരോഗതി ആരാഞ്ഞ് പാർലമെന്റിന്റെ നിയമകാര്യ സ്ഥിരംസമിതി നിയമ കമീഷന്റെയും നിയമമന്ത്രാലയത്തിന്റെയും പ്രതിനിധികളെ വിളിപ്പിച്ച് വിഷയം ചർച്ചചെയ്യുകയായിരുന്നു. ബി.ജെ.പി നേതാവും ബിഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ സുശീൽ മോദിയാണ് സഭാ സമിതി അധ്യക്ഷൻ. ഏക സിവിൽ കോഡിന്റെ പരിധിയിൽനിന്ന് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെയും മറ്റു മേഖലകളിലെയും ആദിവാസി, ഗോത്രവർഗ വിഭാഗങ്ങളെ ഒഴിവാക്കണമെന്ന് സുശീൽ മോദി തന്നെയാണ് യോഗത്തിൽ അഭിപ്രായപ്പെട്ടത്. എല്ലാ നിയമങ്ങൾക്കും ഒഴിവുകൾ അനുവദിച്ചിട്ടുണ്ടെന്ന് സുശീൽ മോദി ന്യായീകരിക്കുകയും ചെയ്തു. ചില വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ, അവയുടെ അനുമതി കൂടാതെ കേന്ദ്ര നിയമം ബാധകമല്ലെന്ന വ്യവസ്ഥയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏക സിവിൽ കോഡിൽനിന്ന് ഒഴിവാക്കണമെന്ന് ചില ഗോത്ര സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള രാഷ്ട്രീയ നീക്കമാണ് ഏക സിവിൽ കോഡെന്ന് കോൺഗ്രസ്, ഡി.എം.കെ, ശിവസേന തുടങ്ങി വിവിധ പാർട്ടികളിൽപ്പെട്ട സഭാസമിതി അംഗങ്ങൾ കുറ്റപ്പെടുത്തി. പല രാജ്യങ്ങൾക്കും ഏക സിവിൽ കോഡ് ഉണ്ടെങ്കിലും വ്യത്യസ്ത സമുദായങ്ങളുടെയും മേഖലകളുടെയും ആശങ്ക കണക്കിലെടുക്കണമെന്ന് ശിവസേന-ഉദ്ധവ് താക്കറെ വിഭാഗം എം.പി സഞ്ജയ് റാവുത് പറഞ്ഞു. നിയമ കമീഷൻ നീക്കം ചോദ്യം ചെയ്യുന്ന കുറിപ്പ് കോൺഗ്രസിലെ വിവേക് തൻഖ, ഡി.എം.കെയിലെ പി. വിൽസൺ എന്നിവർ സഭാ സമിതിക്ക് കൈമാറി. 2018ൽ കഴിഞ്ഞ നിയമ കമീഷൻ നൽകിയ റിപ്പോർട്ടിൽ ഏക സിവിൽ കോഡ് ആവശ്യമോ അഭിലഷണീയമോ അല്ലെന്നാണ് എഴുതിയതെന്ന് അവർ ചൂണ്ടിക്കാട്ടി. മുമ്പ് നിയമനിർമാണ സഭയിൽ നടന്ന ചർച്ചകൾ ഏക സിവിൽ കോഡിനെ അനുകൂലിക്കുന്നതാണെന്ന് ബി.ജെ.പിയിലെ മഹേഷ് ജത്മലാനി വാദിച്ചു. ഇതുവരെ 19 ലക്ഷം പേർ കമീഷനെ അഭിപ്രായം അറിയിച്ചതായി മെംബർ സെക്രട്ടറി കെ. ബിശ്വാൽ വിശദീകരിച്ചു. അഭിപ്രായം അറിയിക്കാനുള്ള അവസാന തീയതി ഈ മാസം 13 ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.