ലഖ്നോ: വോട്ടുയന്ത്രങ്ങൾ ലോറിയിൽ ഒളിച്ചു കടത്തിയെന്ന വിവാദത്തിൽ വാരാണസിയിലെ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ സസ്പെൻഷനിൽ. വാരാണസി അഡീഷനൽ ജില്ല മജിസ്ട്രേറ്റ് എൻ.കെ. സിങ്ങിനെതിരെ തെരഞ്ഞെടുപ്പ് കമീഷൻ നിർദേശപ്രകാരമാണ് നടപടി.
പരിശീലനത്തിന് ഉപയോഗിക്കുന്ന വോട്ടു യന്ത്രങ്ങൾ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട ചട്ടം ലംഘിച്ചുവെന്നതാണ് കാരണം. വോട്ടുയന്ത്രം കൈകാര്യം ചെയ്തതിൽ വീഴ്ച പറ്റിയെന്ന് സിറ്റി പൊലീസ് കമീഷണർ നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു. വോട്ടുയന്ത്രം ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് മാറ്റണമെങ്കിൽ സ്ഥാനാർഥികളെയോ അവർ ചുമതലപ്പെടുത്തിയവരെയോ മുൻകൂട്ടി അറിയിക്കണം.
വോട്ടെണ്ണുന്ന ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകാൻ ബുധനാഴ്ച രാവിലെ കൊണ്ടുപോകേണ്ട ഏതാനും വോട്ടുയന്ത്രങ്ങൾ ആരെയും അറിയിക്കാതെ രാത്രി തന്നെ എ.ഡി.എം കൊണ്ടുപോയതു തെറ്റാണെന്ന് ജില്ല മജിസ്ട്രേറ്റ് കൗശൽ രാജ് ശർമ വിശദീകരിച്ചു. വോട്ട് രേഖപ്പെടുത്താൻ ഉപയോഗിച്ച യന്ത്രങ്ങളല്ല ഇവയെന്നും അദ്ദേഹം പറഞ്ഞു.
വോട്ടുയന്ത്രം ഒളിച്ചു കടത്തിയതിനു പിറകിൽ തിരിമറി സംശയിക്കുന്നതായി സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
വോട്ടുയന്ത്രവുമായി ലോറി പിടികൂടിയതിന്റെ വിഡിയോ ചിത്രങ്ങളും പുറത്തു വന്നു. ഇതേതുടർന്നാണ് അച്ചടക്ക നടപടി. എന്നാൽ വോട്ടുയന്ത്രത്തിൽ തിരിമറിയുണ്ടെന്ന് സംശയിക്കുന്ന സമാജ്വാദി പാർട്ടി കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.