ന്യൂഡൽഹി: ചിരാഗ് പാസ്വാന്‍റെ നേതൃത്വത്തിലുള്ള ലോക് ജനശക്തി പാർട്ടിയെ (എൽ.ജെ.പി) എൻ.ഡി.എ സഖ്യത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള നീക്കവുമായി ബി.ജെ.പി. ബിഹാറിൽ ജെ.ഡി.യു -ആർ.ജെ.ഡി സഖ്യം അധികാരത്തിലെത്തിയതിന് പിന്നാലെയാണ് എൻ.ഡി.എയിലേക്ക് ചിരാഗ് പാസ്വാനെ ബി.ജെ.പി വീണ്ടും ക്ഷണിച്ചിരിക്കുന്നത്.
എന്നാൽ, അമ്മാവനായ പശുപതി കുമാർ പരസിനെ എൻ.ഡി.എ സഖ്യത്തിൽ നിന്നും ഒഴിവാക്കിയാൽ മാത്രമേ മടക്കത്തെ കുറിച്ച് ആലോചിക്കൂവെന്ന ഉപാധി ബി.ജെ.പിക്ക് മുന്നിൽ ചിരാഗ് വെച്ചതായാണ് റിപ്പോർട്ട്.
2000ൽ രാം വിലാസ് പാസ്വാൻ സ്ഥാപിച്ച എൽ.ജെ.പി, ചിരാഗ് പാസ്വാനും പശുപതി കുമാർ പരസും തമ്മിലുള്ള ഭിന്നതയെ തുടർന്നാണ് പിളർന്നത്. രാഷ്ട്രീയ ലോക് ജനശക്തി (ആർ.എൽ.ജെ) എന്ന പേരിൽ പരസ് പുതിയ പാർട്ടി രൂപീകരിച്ചു. എൻ.ഡി.എ സഖ്യത്തിൽ ആർ.എൽ.ജെ എത്തിയതോടെ പശുപതി കുമാർ കേന്ദ്രമന്ത്രിയായി. പാർട്ടി പിളർന്നതിന് പിന്നിൽ ജെ.ഡി.യു നേതാവ് നിതീഷ് കുമാറാണെന്ന് നേരത്തെ ചിരാഗ് പാസ്വാൻ ആരോപിച്ചിരുന്നു.
ആഗസ്റ്റ് പത്തിനാണ് ബി.ജെ.പിയെ ഭരണത്തിൽ നിന്ന് പുറത്താക്കി ജെ.ഡി.യു, ആർ.ജെ.ഡി, കോൺഗ്രസ്, ഇടതുപാർട്ടികൾ എന്നിവയുടെ മഹാസഖ്യം ബിഹാറിൽ അധികാരത്തിലേറിയത്. ഇതിന് പിന്നാലെ നിതീഷ് കുമാറിന്റെ വിശ്വാസ്യത നഷ്ടമായെന്നും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വേണമെന്നും ആവശ്യപ്പെട്ട് ചിരാഗ് രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.