രാജ്യസഭ തെരഞ്ഞെടുപ്പ്: തോൽവിക്ക് പുറമേ കോൺഗ്രസിന് തിരിച്ചടിയായി എം.എൽ.എയുടെ കാലുവാരലും

ന്യൂഡൽഹി: രാജ്യസഭ തെരഞ്ഞെടുപ്പിൽ ഹരിയാനയിൽ കോൺഗ്രസിന് തിരിച്ചടി. കോൺഗ്രസ് നേതാവ് അജയ് മാക്കൻ ബി.ജെ.പി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയും മാധ്യമപ്രവർത്തകനുമായ കാർത്തികേയ ശർമ്മയോട് തോറ്റു. തെരഞ്ഞെടുപ്പിന്റെ ഫലം ഔദ്യോഗികമായി വരുന്നതിന് മുമ്പ് തന്നെ വിജയം പ്രഖ്യാപിച്ച് കോൺഗ്രസ് ആഘോഷം തുടങ്ങിയിരുന്നു. എന്നാൽ, ഔദ്യോഗികമായി തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ അജയ് മാക്കൻ തോറ്റു. നേരിയ മാർജിനിൽ കാർത്തികേയ ശർമ്മയോട് അജയ് മാക്കൻ തോറ്റെന്ന് കോൺഗ്രസ് എം.എൽ.എ ഭാരത് ഭൂഷൺ ബത്ര പറഞ്ഞു.

കോൺഗ്രസ് എം.എൽ.എയായ കുൽദീപ് ബിഷ്ണോയ് തങ്ങൾക്ക് വോട്ട് ചെയ്തുവെന്ന് മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ മനോഹർ ലാൽ ഖട്ടാർ അവകാശപ്പെട്ടു. ബി.ജെ.പിയുടെ തത്വങ്ങളിലും നയങ്ങളിലും ബി​ഷ്ണോയ് വിശ്വാസം പ്രകടിപ്പിച്ചുവെന്നും അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതായും ഖട്ടാർ പറഞ്ഞു.

കാലുവാരലും കുതിരക്കച്ചവടവും ഭയന്ന് ഒരാഴ്ചയോളം ഹരിയാനയിലെ കോൺഗ്രസ് എം.എൽ.എമാരെ ഛത്തീസ്ഗഢിലെ റിസോർട്ടിൽ താമസിപ്പിച്ച ശേഷമാണ് വോട്ടിങ്ങിനായി കൊണ്ടുവന്നത്. എന്നാൽ, ബി.ജെ.പിക്ക് വോട്ട് മറിച്ചെന്ന പറയുന്ന കുൽദീപ് ബിഷ്ണോയി നേരത്തെ തന്നെ കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നിൽക്കുകയായിരുന്നു. പാർട്ടി അധ്യക്ഷസ്ഥാനം ലഭിക്കാത്തതാണ് ബിഷ്ണോയിയെ ചൊടിപ്പിച്ചത്. ചിന്തൻ ശിബിരത്തിൽ നിന്നും ബിഷ്ണോയ് വിട്ടുനിന്നിരുന്നു. 90 അംഗങ്ങളുള്ള ഹരിയാന നിയമസഭയിൽ സ്വതന്ത്ര അംഗം വോട്ടെടുപ്പിന് എത്തിയിരുന്നില്ല. ഒരു കോൺഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവാവുകയും ചെയ്തു. 29.34 വോട്ടുകളാണ് ഒരു സ്ഥാനാർഥിക്ക് ജയിക്കാൻ വേണ്ടിയിരുന്നത്.

Tags:    
News Summary - After Celebration, Congress Says Ajay Maken Lost To BJP-Backed Media Baron

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.