ഡൽഹി: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന ഡൽഹിയിൽ നിയന്ത്രണ നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗൺ പ്രാബല്യത്തിൽ വരാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ മദ്യഷോപ്പുകളിൽ തിരക്കോടു തിരക്ക്. തലസ്ഥാന നഗരത്തിലുടനീളമുള്ള മദ്യഷോപ്പുകളിലൊക്കെയും നിരത്തുനീളെ ക്യൂ വന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
ഗോലെ മാർക്കറ്റിലും ഖാൻ മാർക്കറ്റിലുമുള്ള മദ്യഷോപ്പുകൾക്കു പുറത്തെ നീണ്ട ക്യൂവിന്‍റെ ചിത്രങ്ങൾ വാർത്താ ഏജൻസി പുറത്തുവിട്ടിരുന്നു.
ഇന്ത്യയിലെ നഗരങ്ങളിൽ ഏറ്റവും മാരകമായി കോവിഡ് പടർന്നുപിടിക്കുകയാണ് ഡൽഹിയിൽ. പരിശോധനക്കെത്തുന്ന മൂന്നിലൊന്നു പേരും കോവിഡ് പോസിറ്റീവ് ആകുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
തലസ്ഥാന നഗരത്തിൽ ആരോഗ്യ സംവിധാനം പരമാവധിയിലെത്തിയതായും ഇനിയും ലോക്ഡൗൺ നടപ്പാക്കിയില്ലെങ്കിൽ ദുരന്ത വ്യാപ്തി കൂടുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
ഉത്തരവ് വന്നയുടനാണ് മദ്യഷോപ്പുകൾക്ക് മുന്നിൽ ജനം തിരക്കുകൂട്ടിയെത്തിയത്. ഒട്ടും സാമൂഹിക അകലം പാലിക്കാതെ തിരക്കുകൂട്ടുന്ന ചിത്രങ്ങളും ചിലർ പങ്കുവെച്ചു.
പുറത്തിറങ്ങുന്നത് വിലക്കി കർഫ്യൂവും പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യ ജീവനക്കാർ ഇനി മുതൽ വീട്ടിൽനിന്നാകും ജോലി ചെയ്യുക. കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാരും അനുബന്ധ ജോലിക്കാരും ഓഫിസിലെത്തുേമ്പാൾ ആവശ്യമായ രേഖകൾ കരുതണം. മെഡിക്കൽ സേവന മേഖലക്ക് മാത്രമാണ് നിലവിൽ ഇളവ് അനുവദിച്ചിട്ടുള്ളത്. അന്തർ സംസ്ഥാന യാത്രക്കും വിലക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.