ഭോപാൽ: 'ലവ് ജിഹാദി'നെതിരായ നിയമത്തിലൂെട ക്രിസ്തുമതത്തിലേക്കുള്ള കൂട്ട മതപരിവർത്തനം തടയുക കൂടി മധ്യപ്രദേശ് സർക്കാർ ലക്ഷ്യം വെക്കുന്നതായി റിപ്പോർട്ട്. വിവാഹത്തിനുവേണ്ടി ഹിന്ദു പെൺകുട്ടികളെ ഇസ്ലാമിലേക്ക് മതപരിവർത്തനം നടത്തുന്നുവെന്നാണ് വിവിധ ബി.ജെ.പി സർക്കാറുകൾ ആരോപിക്കുന്നത്. ലവ് ജിഹാദ് എന്ന് സംഘ് പരിവാർ സംഘടനകൾ ആരോപിക്കുന്ന ഇത്തരം വിവാഹങ്ങൾ ശിക്ഷാർഹമായി കണക്കാക്കുന്ന നിയമം കൊണ്ടുവരുമെന്ന് യു.പിക്ക് പുറമെ മധ്യപ്രദേശ് സർക്കാറും പ്രഖ്യാപിച്ചിരുന്നു.
ഈ മാസം 28ന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിൽ പാസാക്കുന്ന ബിൽ ക്രിസ്ത്യൻ പുരോഹിതരെയും ലക്ഷ്യംവെച്ചുള്ളതാണെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പരോക്ഷമായി സൂചന നൽകി. ഗോത്ര വർഗക്കാരെ ക്രിസ്തുമതത്തിലേക്ക് ബലമായി മത പരിവർത്തനം നടത്തുന്നുണ്ടെന്ന് ഗോത്ര മേഖലയായ ഉമരിയ, ബദ്വാനി ജില്ലകളിൽ നടന്ന ചടങ്ങിൽ ചൗഹാൻ പറഞ്ഞു. ബിർസ മുണ്ടയെന്ന ഗോത്ര നേതാവ് ക്രിസ്ത്യൻ മത പരിവർത്തനം പ്രതിരോധിച്ച കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. മത പുരോഹിതർക്ക് സേവനങ്ങൾ നൽകാം. എന്നാൽ, അതിെൻറ േപരിൽ മതം മാറാൻ നിർബന്ധിക്കുകയോ പ്രലോഭിപ്പിക്കുകയോ ചെയ്താൽ കർശനമായി നേരിടുമെന്ന് ചൗഹാൻ വ്യക്തമാക്കി. മത സ്വാതന്ത്ര്യ ബിൽ എന്ന പേരിൽ കൊണ്ടുവരുന്ന നിർദിഷ്ട ബില്ലിലൂടെ ക്രിസ്തീയ പുരോഹിതരെയും സർക്കാർ ഉന്നംവെക്കുന്നതായാണ് റിപ്പോർട്ട്.
നിർബന്ധ മതപരിവർത്തനം തടയുന്ന നിയമം 1968 മുതൽ മധ്യപ്രദേശിൽ പ്രാബല്യത്തിലുണ്ട്. എന്നാൽ, മത പരിവർത്തനത്തിന് കടുത്ത ശിക്ഷനൽകുന്ന ഭേദഗതിക്ക് രണ്ടുതവണ ബി.ജെ.പി സർക്കാർ ശ്രമിച്ചിരുന്നുവെങ്കിലും നടന്നിട്ടില്ല.
അതേസമയം, തങ്ങൾ ആരെയും നിർബന്ധമായി മതം മാറ്റുന്നില്ലെന്ന് ഭോപാൽ ആർച് ബിഷപ് ലിയോ കൊർണേലിയോ പറഞ്ഞു. ചൗഹാെൻറ പ്രസ്താവന ബി.ജെ.പി രാഷ്ട്രീയത്തിെൻറ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.