ന്യൂഡല്‍ഹി: രാജ്യത്ത് തിങ്കളാഴ്ചത്തെ റെക്കോര്‍ഡ് വാക്‌സിനേഷന് പിന്നാലെ ചൊവ്വാഴ്ച വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണത്തില്‍ വന്‍ ഇടിവ്. തിങ്കളാഴ്ച 88 ലക്ഷത്തോളം പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. ലോകത്തിലെ ഏറ്റവും വലിയ പ്രതിദിന വാക്‌സിന്‍ ദൗത്യമെന്നാണ് കേന്ദ്രം വിശേഷിപ്പിച്ചത്. എന്നാല്‍, ഇതിന് പിന്നാലെ വാക്‌സിനേഷനില്‍ വന്‍ ഇടിവ് സംഭവിച്ചത് സംശയങ്ങള്‍ ഉയര്‍ത്തുകയാണ്.
ചൊവ്വാഴ്ച 53.86 ലക്ഷം പേര്‍ക്ക് മാത്രമാണ് വാക്‌സിന്‍ നല്‍കാന്‍ സാധിച്ചത്. മുന്‍ ദിവസത്തെ അപേക്ഷിച്ച് വന്‍ ഇടിവാണ് ഈ നിരക്ക്. തിങ്കളാഴ്ചത്തെ 'റെക്കോര്‍ഡിന്' വേണ്ടി സംസ്ഥാനങ്ങള്‍ വാക്‌സിന്‍ പൂഴ്ത്തിവെച്ചോയെന്ന സംശയം ഉയര്‍ന്നുകഴിഞ്ഞു. തിങ്കളാഴ്ച ഏറ്റവും കൂടുതല്‍ വാക്‌സിന്‍ നല്‍കിയ 10 സംസ്ഥാനങ്ങളില്‍ ഏഴും ബി.ജെ.പി ഭരണത്തിലുള്ളവയാണെന്നത് ഈ സംശയം വര്‍ധിപ്പിക്കുന്നു.
മധ്യപ്രദേശ് പോലെയുള്ള സംസ്ഥാനങ്ങളില്‍ വലിയ വ്യത്യാസമാണ് തിങ്കളാഴ്ചത്തേയും ചൊവ്വാഴ്ചത്തേയും വാക്‌സിനേഷനില്‍ കണ്ടത്. തിങ്കളാഴ്ച 17 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയപ്പോള്‍ ചൊവ്വാഴ്ച വൈകീട്ട് വരെ 5000ല്‍ താഴെ മാത്രം ഡോസുകളാണ് കുത്തിവെക്കാനായത്. ജൂണ്‍ 20ന് ഇത് 4098 മാത്രമായിരുന്നു. ജൂണ്‍ 15ന് 37,904 പേരെയാണ് കുത്തിവെച്ചത്. എന്നാല്‍, തിങ്കളാഴ്ച മാത്രം 16,95,592 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. ഈ വ്യത്യാസമാണ് വാക്‌സിനേഷന്‍ റെക്കോര്‍ഡിന്റെ സ്ഥിരതയെ കുറിച്ച് ആശങ്കയുയര്‍ത്തുന്നത്. അതേസമയം, വാക്‌സിന്‍ പൂഴ്ത്തിവെക്കുന്നതായ സംശയങ്ങള്‍ അധികൃതര്‍ തള്ളി.
ഈ വര്‍ഷത്തോടെ എല്ലാ മുതിര്‍ന്നവരേയും വാക്‌സിനേഷന് വിധേയരാക്കണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ ലക്ഷ്യം യാഥാര്‍ഥ്യമാകണമെങ്കില്‍ പ്രതിദിനം 97 ലക്ഷം പേര്‍ക്കെങ്കിലും വാക്‌സിന്‍ നല്‍കേണ്ടതുണ്ട്. നിലവിലെ വാക്‌സിന്‍ വിതരണം വിലയിരുത്തുമ്പോള്‍ ഈ ലക്ഷ്യം നിറവേറ്റാനാകുമോയെന്ന കാര്യത്തില്‍ സംശയമാണ്.
അതേസമയം, ആവശ്യമായ വാക്‌സിന്‍ നല്‍കാന്‍ സാധിക്കുമെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം. പ്രതിദിനം ഒരു കോടി പേരെ വാക്‌സിനേഷന് വിധേയരാക്കാനാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്ന് നിതി അയോഗ് ചെയര്‍മാര്‍ ഡോ. എന്‍.കെ. അറോറ പറയുന്നു. 1.25 കോടി ഡോസ് വാക്‌സിന്‍ പ്രതിദിനം സംഭരിക്കാനുള്ള ശേഷിയുണ്ട്.
എത്ര ഡോസ് വാക്‌സിന്‍ ലഭിക്കുമെന്ന് സംസ്ഥാനങ്ങള്‍ക്ക് മുന്‍കൂട്ടി വിവരം നല്‍കുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറയുന്നു. 15 ദിവസം മുമ്പ് വിവരം നല്‍കുന്നുണ്ട്. അതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് കൃത്യമായി ആസൂത്രണം ചെയ്യാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.