ജില്ലയുടെ ‘കാപിറ്റൽ’ ചോദിച്ച മോദിക്ക് ചുട്ടമറുപടിയുമായി നവീൻ പട്‌നായിക്

ന്യൂഡൽഹി: ഒഡീഷയിലെ ജില്ലകളുടെ പേരും അവയുടെ കാപ്പിറ്റലും പറയാൻ വെല്ലുവിളിച്ച് പരിഹാസ്യനായ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചുട്ടമറുപടിയുമായി ബിജു ജനതാദൾ നേതാവും ഒഡീഷ മുഖ്യമന്ത്രിയുമായ നവീൻ പട്‌നായിക്. കഴിഞ്ഞ 10 വർഷമായി നിങ്ങൾ ഒഡീഷയെ തന്നെ മറന്നുവെന്ന് നവീൻ പട്നായിക് കുറ്റപ്പെടുത്തി. ഒഡീഷക്ക് ഒഡിയ ഭാഷയും സംസ്‌കാരവും മനസിലാകുന്ന ഒരു മുഖ്യമന്ത്രിയെ ആവശ്യമാണെന്ന മോദിയുടെ പരാമർശത്തെയും നവീൻ വിമർശിച്ചു.

ബഹുമാനപ്പെട്ട പ്രധാനമന്ത്രി, ഒഡീഷയെ കുറിച്ച് താങ്കൾക്ക് എത്രമാത്രം ഓർമയുണ്ട്?. ഒഡിയ ഒരു ക്ലാസിക്കൽ ഭാഷയാണെങ്കിലും അത് നിങ്ങൾ മറന്നു. സംസ്കൃതത്തിന് നിങ്ങൾ 1000 കോടി അനുവദിച്ചു, എന്നാൽ, ഒഡിയക്ക് പൂജ്യം -നവീൻ പട്നായിക് ചൂണ്ടിക്കാട്ടി.

ക്ലാസിക്കൽ ഒഡീസി സംഗീതത്തെ കുറിച്ച് നിർദേശങ്ങൾ അയച്ചു. നിങ്ങൾ അവ രണ്ടു തവണ നിരസിച്ചു. ഒഡീഷയിലെ പ്രകൃതിദത്ത സ്വത്ത് ആണ് കൽക്കരി. ഒഡീഷയിൽ നിന്ന് നിങ്ങൾ കൽക്കരി എടുത്തു. എന്നാൽ, കഴിഞ്ഞ 10 വർഷമായി കൽക്കരിയുടെ റോയൽറ്റി കേന്ദ്രം വർധിപ്പിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് സമയത്ത് മാത്രം ഒഡീഷയെ ഓർത്തത് കൊണ്ട് പ്രയോജനമില്ല -നവീൻ പട്നായിക് പറഞ്ഞു.

മോദി സർക്കാർ നിരവധി പേർക്ക് ഭാരതരത്‌ന നൽകി. എന്തുകൊണ്ട് ഒഡീഷയിലെ ധീരരായ മക്കളെ ആദരിക്കാൻ മറുന്നു. ജൂൺ 10ന് ഒന്നും സംഭവിക്കില്ല, ഇനി അടുത്ത 10 വർഷത്തിനുള്ളിലും. ഒഡീഷയിലെ ജനങ്ങളുടെ ഹൃദയം കീഴടക്കാൻ ബി.ജെ.പിക്ക് കഴിയില്ല -വിഡിയോ സന്ദേശത്തിൽ നവീൻ പട്നായിക് ചൂണ്ടിക്കാട്ടി.

2014ലും 2019ലും ഒഡീഷക്ക് മോദി നൽകിയ ഉറപ്പുകളെ കുറിച്ചും നവീൻ പട്നായിക് വിഡിയോയിൽ ഓർമ്മിപ്പിച്ചു. വില വർധനവ്, രണ്ട് കോടി തൊഴിൽ, പാചകവാതകം, പെട്രോൾ, ഡീസൽ വില കുറക്കൽ, എല്ലാവർക്കും മൊബൈൽ സേവനം, ജി.എസ്.ടി ഇളവ് എന്നിവ ഒഡീഷ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് റാലിയിൽ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിനെ വെല്ലുവിളിച്ച് മോദി ‘എയറി’ലായിരുന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളുടെ പേരും ജില്ലകളുടെ തലസ്ഥാനങ്ങളുടെ (കാപിറ്റൽ) പേരും പേപ്പറിൽ നോക്കാതെ പറയാൻ കഴിയുമോ എന്നായിരുന്നു വെല്ലുവിളി. എന്നാൽ, ഇന്ത്യയിൽ ജില്ലകൾക്ക് തലസ്ഥാനം ഇല്ല എന്ന പ്രാഥമിക വിവരം പോലും പ്രധാനമന്ത്രിക്ക് ഇല്ലേ എന്ന് നെറ്റിസൺസ് പരിഹസിച്ചു.

ഒഡീഷയിലെ കന്ധമാൽ ജില്ലയിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു മോദിയുടെ അമളി. ‘നവീൻ ബാബുവിനെ (നവീൻ പട്‌നായിക്കിനെ) വെല്ലുവിളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹം ഇത്രയും കാലം മുഖ്യമന്ത്രിയായിരുന്നല്ലോ?. ഒഡീഷയിലെ എല്ലാ ജില്ലകളുടെയും അവയുടെ തലസ്ഥാനങ്ങളുടെയും പേര് നവീൻ ബാബു പറയൂ. കടലാസിൽ നോക്കാതെ പറയണം. സംസ്ഥാനത്തെ ജില്ലകളുടെ പേര് പറയാൻ കഴിയാത്ത മുഖ്യമന്ത്രിക്ക് നിങ്ങളുടെ വേദന അറിയുമോ?’ എന്നായിരുന്നു പ്രസംഗം.

Tags:    
News Summary - After PM's dare, Naveen Patnaik counters: 'You forgot about Odisha for 10 years'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.