ഗാന്ധിനഗർ: ഈ വർഷം ആദ്യം നടന്ന പഞ്ചാബ് തെരഞ്ഞെടുപ്പിന് ശേഷം ഗുജറാത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഗുജറാത്തിൽ ആരായിരിക്കണം മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന് ഡൽഹി മുഖ്യമന്ത്രിയും ആപ് നേതാവുമായ അരവിന്ദ് കെജ്‌രിവാൾ ഗുജറാത്ത് ജനതയോട് ചോദിച്ചു. പഞ്ചാബിൽ, ആപ് സർവേ നടത്തി അതിൽ തിരഞ്ഞെടുത്ത ഭഗവന്ത് മാനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയും വൻ മാർജിനിൽ മാൻ വിജയിക്കുകയും ചെയ്തിരുന്നു. ഗുജറാത്തിൽ ഇനി ആരായിരിക്കണം മുഖ്യമന്ത്രി എന്ന നിർദേശം മുന്നോട്ടുവെക്കാനാണ് കെജ്രിവാൾ ജനങ്ങളോട് ആവശ്യപ്പെട്ടത്.
'അടുത്ത അഞ്ച് വർഷത്തേക്ക് ബി.ജെ.പിക്ക് ഒരു പദ്ധതിയുമില്ല. പണപ്പെരുപ്പം ഗുജറാത്തിലും വലിയ പ്രശ്നമായി മാറിയിരിക്കുന്നു. മുഖ്യമന്ത്രിയായിരുന്ന വിജയി രൂപാനിയെ മാറ്റി ഭൂപേന്ദ്ര പട്ടേലിനെ കൊണ്ടുവന്നപോൾ ജനങ്ങളോടവർ ചോദിച്ചില്ല. എന്നാൽ ആം ആദ്മി പാർട്ടി പൊതുജനങ്ങളോട് അഭിപ്രായം തേടുകയാണ്. ആപ്പ് ഇവിടെ അധികാരത്തിൽ വരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു' ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് കെജ്രിവാൾ പറഞ്ഞു.
ജനങ്ങൾക്ക് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താൻ 6357000360 എന്ന നമ്പർ ഉപയോഗിക്കാം. ഇതിലേക്ക് വോയ്‌സ് മെസേജ്, വാട്ട്‌സ്ആപ്പ്, എസ്എംഎസ് എന്നിവ നവംബർ മൂന്ന് വരെ അയക്കാവുന്നതാണ്. നവംബർ 4 ന് ഫലം പ്രഖ്യാപിക്കും.
ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കെജ്രിവാളിന്‍റെ ഏറ്റവും പുതിയ പ്രചാരണമാണിത്.അടുത്തിടെ കറൻസി നോട്ടുകളിൽ ലക്ഷ്മി ദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തണമെന്ന് കെജ്രിവാൾ പറഞ്ഞിരുന്നു. ഇത് വ്യാപക വിമർശനത്തിനും ഇടവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.