ബംഗളൂരു: ബി.ജെ.പി സീറ്റ് നൽകാത്തതിനെ തുടർന്ന് പാർട്ടി വിട്ട മുതിർന്ന നേതാവും മുൻ കർണാടക ഉപ മുഖ്യമന്ത്രിയുമായ ലക്ഷ്മൺ സവാദി കോൺഗ്രസിലേക്ക്. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരെ ബംഗളൂരുവിലെത്തിയാണ് ലക്ഷ്മൺ സവാദി കണ്ടത്. സിദ്ധരാമയ്യയുടെ വീട്ടിലാണ് കൂടിക്കാഴ്ച നടന്നത്.
മെയ് 10 ന് നടക്കുന്ന കർണാടക തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ആദ്യ സ്ഥാനാർഥി പട്ടിക പുറത്തിറക്കിയതിനു ശേഷമാണ് ലക്ഷ്മൺ സവാദി പാർട്ടിയിൽ നിന്ന് രാജിവെച്ചത്. ഈ രാജി ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാകുമെന്നതിനാൽ കോൺഗ്രസ് സവാദിക്ക് സീറ്റ് നൽകിയേക്കുമെന്ന് സൂചനകളുണ്ട്.
‘ഒരു വ്യവസ്ഥകളുമില്ല. അദ്ദേഹത്തിന് അവിടെ നിന്ന് അപമാനിക്കപ്പെട്ടതുപോലെ തോന്നി. ഇത്തരത്തിൽ വലിയ നേതാക്കളെ കോൺഗ്രസിലേക്ക് കൊണ്ടുവരിക എന്നത് നമ്മുടെ കടമയാണ്. ഒമ്പത്, പത്ത് സിറ്റിങ് എം.എൽ.എമാർ കോൺഗ്രസിൽ ചേരാൻ തയാറായി നിൽക്കുന്നുണ്ട്. എന്നാൽ അവരെക്കൂടി ഉൾക്കൊള്ളാനുള്ള സ്ഥലം നമുക്കില്ല. - ഡി.കെ ശിവകുമാർ പറഞ്ഞു.
ലക്ഷ്മൺ സവാദി കർണാടകയിലെ ലിംഗയത്ത് സമുദായത്തിലെ ഏറ്റവും ശക്തനായ നേതാവും യെദ്യൂരപ്പ കഴിഞ്ഞാൽ ബി.ജെ.പിയുടെ സ്വാധീനമുള്ള നേതാക്കൻമാരിൽ പ്രമുഖനുമാണ്.
63 കാരനായ സവാദി ബുധനാഴ്ചയാണ് രാജി പ്രഖ്യാപിച്ചത്. ‘ഞാൻ തീരുമാനമെടുത്തു. പിച്ചപ്പാത്രവുമായി നടക്കാൻ ഞാനില്ല. ഞാൻ അഭിമാനബോധമുള്ള രാഷ്ട്രീയക്കാരനാണ്. ആരുടെയും സ്വാധീനത്താൽപ്രവർത്തിക്കുന്നവനല്ല.’ - രാജി പ്രഖ്യാപിച്ചുകൊണ്ട് സവാദി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.