ഭോപ്പാൽ: ഗുജറാത്തിലെ സൂറത്തിൽ ബി.ജെ.പി നടപ്പാക്കിയ പത്രിക പിൻവലിക്കൽ ഓപറേഷൻ മധ്യപ്രദേശിലെ ഇൻഡോറിലും. ഇൻഡോർ ലോക്സഭ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി അക്ഷയ് കാന്തി ബാം തെരഞ്ഞെടുപ്പ് നാമനിർദേശ പത്രിക പിൻവലിച്ച് ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി നേതാക്കളോടൊപ്പമാണ് പത്രിക പിൻവലിക്കാൻ സ്ഥാനാർഥി എത്തിയത്.
അക്ഷയ് കാന്തി ബാമിനൊപ്പമുള്ള ചിത്രം ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗീയ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. അക്ഷയ് കാന്തി ബാമിനെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി എം.എൽ.എ രമേഷ് മെൻഡോളയ്‌ക്കൊപ്പമാണ് അക്ഷയ് കാന്തി ബാം പത്രിക പിന്‍വലിക്കാനെത്തിയത്. വോട്ടെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ അപ്രതീക്ഷിത നീക്കം. മേയ് 13ന് നാലാംഘട്ടത്തിലാണ് ഇൻഡോറിൽ വോട്ടെടുപ്പ്. സിറ്റിങ് എം.പി ശങ്കർ ലാൽവാനിയാണ് ഇവിടെ ബി.ജെ.പി സ്ഥാനാർഥി.
നേരത്തെ, ഗുജറാത്തിലെ സൂറത്ത് ലോക്സഭ മണ്ഡലത്തിൽ തെരഞ്ഞെടുപ്പിന് മുമ്പേ ബി.ജെ.പി നാടകീയ ജയം നേടിയിരുന്നു. കോൺഗ്രസ് സ്ഥാനാർഥി നിലേഷ് കുംഭാണിയുമായി ഒത്തുകളിച്ചാണ് ബി.ജെ.പി ഇവിടെ എതിരില്ലാതെ വിജയം നേടിയത്. നിലേഷ് കുംഭാണിയുടെ പത്രിക തള്ളുകയായിരുന്നു. കോൺഗ്രസ് ഡമ്മി സ്ഥാനാർഥിയുടെയും പത്രിക തള്ളി. ഇതിന് പിന്നാലെ ഏഴ് സ്വതന്ത്രരും ബി.എസ്.പിയുടെ സ്ഥാനാർഥിയും പത്രിക പിൻവലിച്ചതോടെ മത്സരരംഗത്ത് ബി.ജെ.പിയുടെ മുകേഷ് ദലാൽ മാത്രം അവശേഷിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.