ചെന്നൈ: തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍റെ ‘സനാതനധർമം’ സംബന്ധിച്ച വിവാദ പരാമർശത്തിന് പിന്നാലെ ചടങ്ങിൽ പ്രകാശനം ചെയ്ത പുസ്തകത്തിനെതിരെയും വ്യാപക പ്രതിഷേധം. തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് അസോസിയേഷന്റെ പരിപാടിയിൽ പ്രകാശനം ചെയ്ത 'ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ആർ.എസ്.എസിന്‍റെ സംഭാവന' പുസ്തകമാണ് വിവാദത്തിലായത്.
വലിയ പുസ്തകമാണെങ്കിലും രണ്ട് പേജ് ഒഴികെ ബാക്കി ശൂന്യമാണ്. ബൂട്ട് നക്കുന്നതും തോക്ക് കാട്ടുന്നതുമായ രണ്ട് ചിത്രങ്ങൾ മാത്രമാണ് പുസ്തകത്തിലുള്ളത്. തോക്കിന്‍റെ ചിത്രം രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്സെയും ശൂന്യമായ പേജുകൾ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ ആർ.എസ്.എസ് ഒരു സംഭാവനയും ചെയ്തിട്ടില്ലെന്നും സൂചിപ്പിക്കുന്നുവെന്ന് സംഘാടകർ ചൂണ്ടിക്കാട്ടുന്നു. പുസ്തകം പ്രകാശം ചെയ്യുന്ന ചിത്രവും ഉദയനിധി എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് അസോസിയേഷന്റെ പരിപാടിയിലാണ് ‘സനാതന’ത്തെയും ദ്രാവിഡ സംസ്കാരത്തെയും താരതമ്യം ചെയ്ത് ഉദയനിധി സ്റ്റാലിൻ സംസാരിച്ചത്. ‘സനാതനം’ സമത്വത്തിന് എതിരാണെന്നും സമത്വപുരമാണ് (തുല്യതയുള്ള അയൽപക്കങ്ങൾ) ദ്രാവിഡ സംസ്കാരം മുന്നോട്ടു വെക്കുന്നതെന്നും ഉദയനിധി പറഞ്ഞു. കോവിഡും മലമ്പനിയും മറ്റും പരത്തുന്ന വൈറസുകളെ പോലെ തകർത്തുകളയേണ്ട ഒന്നാണ് സനാതനമെന്നും ഉദയനിധി ചൂണ്ടിക്കാട്ടി.
‘‘സനാതനമെന്നാൽ എന്താണ്? സംസ്കൃതത്തിൽ മാത്രമാണ് അതുള്ളത്. അത് സാമൂഹികനീതിക്കും സമത്വത്തിനും എതിരാണ്. ഏതു ജാതിയിൽപെട്ടവർക്കും ക്ഷേത്രത്തിൽ പൂജാരികളാകാമെന്ന നിയമം കൊണ്ടുവന്നത് നമ്മുടെ കലൈഞ്ജർ (കരുണാനിധി) ആണ്. പൂജാകർമങ്ങളിൽ പരിശീലനം പൂർത്തിയാക്കിയവരെ നമ്മുടെ മുഖ്യമന്ത്രി (എം.കെ. സ്റ്റാലിൻ) വിവിധ ക്ഷേത്രങ്ങളിൽ നിയമിച്ചു. അതാണ് ദ്രാവിഡ മാതൃക’’ -ഉദയനിധി വിശദീകരിച്ചു. വിധവകളെ തല മുണ്ഡനം ചെയ്യാനും സതിയനുഷ്ഠിക്കാനും ‘സനാതനം’ ആവശ്യപ്പെട്ടപ്പോൾ ‘ദ്രാവിഡീയം’ വനിതകൾക്ക് ബസിൽ സൗജന്യയാത്ര കൊണ്ടുവന്നെന്നും ഉദയനിധി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.