ക്രിമിനല്‍ കോടതിയലക്ഷ്യ കേസില്‍ മാപ്പ് ചോദിച്ച് സംവിധായകൻ വിവേക് അഗ്നിഹോത്രി. ഡല്‍ഹി ഹൈക്കോടതി ജഡ്ജിയെ അധിക്ഷേപിച്ച കേസിലാണ് വിവേക് അഗ്നിഹോത്രി കോടതിയിൽ നേരിട്ടെത്തി മാപ്പ് ചോദിച്ചത്. മാപ്പപേക്ഷ സ്വീകരിച്ച ജസ്റ്റിസ് സിദ്ധാര്‍ത്ഥ് മൃദുല്‍, ജസ്റ്റിസ് വികാസ് മഹാരാജന്‍ എന്നിവരടങ്ങിയ ബെഞ്ച് കോടതിയലക്ഷ്യ കേസ് റദ്ദാക്കുകയും ഭാവിയില്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
‘ജുഡീഷ്യറിയോട് തനിക്ക് അങ്ങേയറ്റം ബഹുമാനമുണ്ടെന്നും കോടതിയെ അപമാനിക്കാന്‍ മനപ്പൂര്‍വം ഉദ്ദേശിച്ചില്ലെന്നും വിവേക് അഗ്നിഹോത്രി പറഞ്ഞ സാഹചര്യത്തില്‍ അദ്ദേഹത്തിന് നല്‍കിയ നോട്ടീസ് പിന്‍വലിക്കുന്നു,’ ബെഞ്ച് പറഞ്ഞു. 2018ലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ഭീമാ കൊറേഗാവ് കേസില്‍ ആക്ടിവിസ്റ്റ് ഗൗതം നവ്ലാഖയെ വീട്ടുതടങ്കലിനും ട്രാന്‍സിറ്റ് റിമാന്‍ഡിനുമുള്ള ഉത്തരവ് റദ്ദാക്കിയ ജഡ്ജിയുടെ ഉത്തരവുമായി ബന്ധപ്പെട്ട്, മുന്‍ ഹൈക്കോടതി ജഡ്ജിയും ഇപ്പോഴത്തെ ഒറീസ ഹൈക്കോടതി ചീഫ് ജസ്റ്റിസുമായ ജസ്റ്റിസ് മുരളീധറിനെതിരെ പക്ഷപാതം ആരോപിച്ച് ട്വീറ്റ് ചെയ്തതാണ് അഗ്നിഹോത്രിക്കെതിരായ കേസ്.
ഇതാണ് പിന്നീട് കോടതിയലക്ഷ്യ കേസായി മാറിയത്. തുടര്‍ന്ന് ഹൈക്കോടതി കോടതിയലക്ഷ്യത്തിന് കേസെടുക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബര്‍ ആറിന് സത്യവാങ്മൂലത്തിലൂടെ ഖേദം പ്രകടിപ്പിച്ച അഗ്നിഹോത്രിയോട് വ്യക്തിപരമായി ഖേദം പ്രകടിപ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. കോടതിയിൽ നേരിട്ട് ഹാജരാകാൻ പോലും കഴിയാത്തത്ര വലുതാണോ ഇയാൾ എന്നും കോടതി ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവേക് അഗ്‌നിഹോത്രി ഹൈക്കോടതിയിൽ നേരിട്ട് ഹാജരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.