ന്യൂഡൽഹി: പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ നേടിയ മിന്നും വിജയത്തിന് പിന്നാലെ ഒൻപത് സംസ്ഥാനങ്ങളിലേക്ക് കൂടി ആം ആദ്മി പാർട്ടി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. അസമിലും തെലങ്കാനയിലും നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് നേതാക്കൾ അറിയിച്ചു.
ഡൽഹിക്കും പഞ്ചാബിനും പുറമേ മറ്റ് സംസ്ഥാനങ്ങളിലേക്ക് പ്രചാരണങ്ങൾ ശക്തമാക്കുന്നതിന് പാർട്ടിയിലെ പരിചയ സമ്പന്നരായ നേതാക്കളെ നിയമിച്ചതായി ആം ആദ്മി നേതൃത്വം അറിയിച്ചു. വരും ദിവസങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിലേക്കും ഭാരവാഹികളെയും നിയമിക്കും.
ഗുജറാത്തിലും ഹിമാചൽ പ്രദേശിലും ഈ വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ആം ആദ്മി പ്രഖ്യാപിച്ചത്.
2016 മുതൽ ഗുജറാത്തിൽ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന പട്യാല എം.എൽ.എ ഗുലാബ് സിങ് ആണ് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചുമതല വഹിക്കുക. പഞ്ചാബിലെ എ.എ.പിയുടെ ചാണക്യനും രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യുകയും ചെയ്ത ഡോ. സന്ദീപ് പതക്കിന് സംസ്ഥാനത്തെ ചുമതലയും നൽകി.
ഡൽഹിയിലെ ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിനാണ് ഹിമാചൽ പ്രദേശിന്റെ തെരഞ്ഞെടുപ്പ് ചുമതല. സംസ്ഥാനത്തെ ഏകോപനത്തിനായി ദുർഗേഷ് പഥക്കിനെയും നിയമിച്ചിട്ടുണ്ട്.
സൗത്ത് ഡൽഹി എം.എൽ.എ സൗരഭ് ഭരദ്വാജിനെ ഹരിയാനയുടെ തെരഞ്ഞെടുപ്പ് ചുമതലയും പാർട്ടി എം.പി സുശീൽ ഗുപ്തക്ക് സംസ്ഥാന ചുമതലയും നൽകി.
കേരളത്തിൽ എ.എ.പിയുടെ പ്രവർത്തനം വിപുലീകരിക്കുന്നതിന് എ. രാജയെ ചുമതലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.