ന്യൂഡൽഹി: മൂന്നു വിവാദ നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന കർഷകരും സർക്കാറും തമ്മിൽ ധാരണയുണ്ടാകാൻ സാധ്യതയെന്ന് അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ സുപ്രീംകോടതിയിൽ ബോധിപ്പിച്ചു.
കർഷക സമരത്തിെൻറ വിഷയത്തിൽ ഒരു പുരോഗതിയുമില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടപ്പോഴാണ് ബന്ധപ്പെട്ട കക്ഷികൾ ധാരണയിലെത്താൻ സാധ്യതയുണ്ടെന്ന് എ.ജി സുപ്രീംകോടതിയെ അറിയിച്ചത്. ഇതേ തുടർന്ന് കേസ് പരിഗണിക്കുന്നത് ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, ആർ.വി. രാമസുബ്രഹ്മണ്യം എന്നിവർകൂടി അടങ്ങുന്ന ബെഞ്ച് ഇൗ മാസം 11ലേക്ക് മാറ്റി. കർഷകരും സർക്കാറും തമ്മിലുള്ള സംഭാഷണം പ്രോത്സാഹിപ്പിക്കാനാണ് കോടതി ആഗ്രഹിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് തുടർന്നു.
സാഹചര്യം തങ്ങൾക്കറിയാമെന്നും താങ്കൾ ഇങ്ങനെ പറയുകയാണെങ്കിൽ അടുത്ത തിങ്കളാഴ്ചത്തേക്ക് കേസ് മാറ്റുകയാണെന്നും എ.ജിയോട് അദ്ദേഹം പറഞ്ഞു.
പരിഹാരത്തിൽ സർക്കാർ പരാജയപ്പെട്ടതിനാൽ സുപ്രീംകോടതി മധ്യസ്ഥ റോളിലേക്ക് വരാൻ തയാറാണെന്നും ഒരു സമിതിയെ ഇതിനായി ഉണ്ടാക്കാമെന്നും ചീഫ് ജസ്റ്റിസ് അവധിക്ക് മുമ്പ് കേസ് പരിഗണിച്ചപ്പോൾ പറഞ്ഞിരുന്നുവെങ്കിലും ബുധനാഴ്ച കേസ് പരിഗണിച്ചപ്പോൾ അതിെൻറ തുടർച്ചയൊന്നുമുണ്ടായില്ല.
കർഷകരെ അതിർത്തിയിൽനിന്ന് നീക്കണമെന്നും വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും സമരക്കാർക്കെതിരെ പൊലീസ് ബലപ്രയോഗം നടത്തരുതെന്നും ആവശ്യപ്പെട്ടുള്ള ഇരുപക്ഷത്തുനിന്നുമുള്ള വിവിധ പരാതികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.