ന്യൂഡൽഹി: തമിഴ്നാട്ടിലെ മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള സംഘടന റിപ്പോർട്ടിന് ഡൽഹിയിൽ നടന്ന സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം അംഗീകാരം നൽകി. കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ നടപ്പാക്കിയ പ്രായപരിധി തുടരുമെന്നും അതിൽ മാറ്റത്തിന്റെ ആവശ്യമില്ലെന്നും പോളിറ്റ് ബ്യൂറോ കോഓഡിനേറ്റർ പ്രകാശ് കാരാട്ട് പറഞ്ഞു. പാർട്ടിയിൽ ആവശ്യത്തിന് നേതൃനിരയുണ്ട്. പ്രായപരിധി കഴിയുന്നവർ പാർട്ടിയിൽനിന്ന് വിരമിക്കുന്നില്ല. അവർ പാർട്ടിക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ തുടരും.
പാർട്ടി കോൺഗ്രസിന് അവതരിപ്പിക്കേണ്ട സംഘടന റിപ്പോർട്ടിന് അംഗീകാരം ലഭിച്ചു. ഇതോടെ പാർട്ടി കോൺഗ്രസിന് വേണ്ട എല്ലാ രേഖകളും തയാറായെന്നും കേന്ദ്ര കമ്മിറ്റി യോഗം അവസാനിച്ചതിന് പിന്നാലെ പ്രകാശ് കാരാട്ട് പ്രതികരിച്ചു. അതേസമയം, കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ പ്രായപരിധിയിൽ ഇളവ് ലഭിച്ച പിണറായി വിജയന് വീണ്ടും ഇളവ് നൽകുമെന്നാണ് റിപ്പോർട്ട്. പാർട്ടി കോൺഗ്രസിലാണ് ഇക്കാര്യം തീരുമാനിക്കേണ്ടതെന്നാണ് സി.പി.എം നേതൃത്വം പറയുന്നതെങ്കിലും തീരുമാനം എടുത്തുവെന്നാണ് സൂചന.
പ്രായപരിധി കാരണം നേതൃനിരയിൽനിന്ന് മാറിനിൽക്കേണ്ടിവരുന്നവർക്ക് പുതിയ ചുമതല നൽകുന്നതും കേന്ദ്ര കമ്മിറ്റിയിൽ ചർച്ചയായി. 17 അംഗ പോളിറ്റ് ബ്യൂറോയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സുഭാഷിണി അലി, വൃന്ദ കാരാട്ട് അടക്കം എട്ടുപേർ 75 വയസ്സെന്ന പ്രായപരിധി കഴിഞ്ഞവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.