ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെ ന്യായീകരിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.. കെജ്രിവാളിന് മദ്യനയക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഒമ്പതു തവണ സമൻസയച്ചിട്ടും ഹാജരാകാത്ത സാഹചര്യത്തിലും അദ്ദേഹത്തിന്റെ മുൻകൂർ ജാമ്യഹരജി ഡൽഹി ഹൈകോടതി തള്ളിയതിനെ തുടർന്നുമാണ് അറസ്റ്റ് ചെയ്തതെന്നും ഇ.ഡി സത്യവാങ്മൂലത്തിൽ വിശദീകരിച്ചു.
കള്ളം പ്രചരിപ്പിക്കുന്ന യന്ത്രമാണ് ഇ.ഡിയെന്ന് എ.എ.പി ആരോപിച്ചു. അറസ്റ്റിനെ ചോദ്യം ചെയ്തുകൊണ്ട് കെജ്രിവാൾ സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ഒമ്പത് തവണയാണ് കെജ്രിവാൾ സമൻസുകൾ അവഗണിച്ചത്.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട സമൻസ് കെജ്രിവാൾ അവഗണിക്കുകയായിരുന്നു. അഴിമതി നടത്തിയ കാലയളവിൽ കെജ്രിവാൾ ഏകദേശം 170 മൊബൈൽ ഫോണുകൾ നശിപ്പിച്ചു. ഇത്തരത്തിൽ തെളിവുകൾ നശിപ്പിച്ചതാണ് കെജ്രിവാളിനെ അറസ്റ്റ് ചെയ്യാൻ കാരണമെന്നും ഇ.ഡി പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് കെജ്രിവാളിനെ തടയുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് എ.എ.പി ആരോപിച്ചു. കെജ്രിവാളിനെതിരെ നടക്കുന്നത് ഇ.ഡിയുടെ അന്വേഷണമല്ല, യഥാർഥത്തിൽ അത് ബി.ജെ.പിയുടെ അന്വേഷണമാണെന്നും എ.എ.പി വിമർശിച്ചു. ബി.ജെ.പിയുടെ രാഷ്ട്രീയ സഖ്യകക്ഷിയായാണ് ഇ.ഡി പ്രവർത്തിക്കുന്നത്. അറസ്റ്റ് ചെയ്ത് ഏറെ കഴിഞ്ഞിട്ടും എ.എ.പി നേതാക്കൾക്കെതിരെ ഒരു തെളിവും ശേഖരിക്കാൻ ഇ.ഡിക്ക് സാധിച്ചിട്ടില്ലെന്നും പാർട്ടി ചൂണ്ടിക്കാട്ടി.
കെജ്രിവാളിന്റെയും ബി.ആർ.എസ് നേതാവ് കെ. കവിതയുടെയും ജുഡീഷ്യൽ കസ്റ്റഡി ഡൽഹി റോസ് അവന്യൂ കോടതി മെയ് ഏഴു വരെ നീട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.