ന്യൂഡൽഹി: അഗ്നിപഥിൽ രാജ്യ വ്യാപകമായി ഉയരുന്ന പ്രതിഷേധം തണുപ്പിക്കാൻ കൂടുതൽ ഇളവുകളുമായി കേന്ദ്രം. അഗ്നിവീരർക്ക് കേന്ദ്ര സായുധ പൊലീസിലും(സി.എ.പി.എഫ്) അസം റൈഫിൾസിലും 10 ശതമാനം സംവരണം ഏർപ്പെടുത്തിക്കൊണ്ടാണ് സർക്കാറിന്റെ പുതിയ നീക്കം. നാലുവർഷത്തെ അഗ്നിപഥ് പദ്ധതി വഴി സൈനിക സേവനം പൂർത്തിയാക്കി പുറത്തിറങ്ങുന്നവർക്കാണ് (അഗ്നിവീരർ) സംവരണമുള്ളത്. പൊലീസിലേക്കും അസം റൈഫിൾസിലേക്കും അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധിയിൽ മൂന്നുവർഷം വരെ ഇളവും അഗ്നിവീരർക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യ ബാച്ച് അഗ്നിവീരർക്ക് പ്രായ പരിധിയിൽ അഞ്ചു വർഷം വരെ ഇളവ് നൽകുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
രണ്ടു വർഷങ്ങൾക്ക് ശേഷം ആദ്യമായി നടക്കുന്ന റിക്രൂട്ട്മെന്റുകളായതിനാൽ അഗ്നിപഥിലേക്ക് അപേക്ഷിക്കാനും ഉയർന്ന പ്രായ പരിധിയിൽ ഇളവ് പ്രഖ്യാപിച്ചിരുന്നു. 21 വയസെന്നത് 23 ആക്കിയായിരുന്നു ഉയർത്തിയിരുന്നത്. ഇങ്ങനെ സൈനിക സേവനത്തിനെത്തുന്നവരെ കൂടി മുന്നിൽ കണ്ടാണ് ആദ്യ ബാച്ചിന് പൊലീസിലേക്കും അസം റൈഫിൾസിലേക്കും അഞ്ചുവർഷം വരെ വയസിളവ് നൽകിയത്.
പദ്ധതിക്കെതിരെ ബിഹാർ, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, ഹരിയാന, മധ്യപ്രദേശ്, തെലങ്കാന എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങളി പ്രതിഷേധമുയർന്നിരുന്നു. രാജ്യവ്യാപകമായി നടന്ന പ്രതിഷേധത്തിനിടെ തെലങ്കാനയിലെ സെക്കന്തരാബാദിൽ പൊലീസ് നടത്തിയ വെടിവെപ്പിൽ 19 കാരൻ മരിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധക്കാൻ 12 ഓളം ട്രെയിനുകൾ കത്തിക്കുകയും റെയിൽവെ ട്രാക്കുകൾ തീയിടുകയും പൊതുമുതലുകൾ നശിപ്പിക്കുകയും ചെയ്തിരുന്നു.
പദ്ധതി സംബന്ധിച്ച് നേരത്തെ വിവരങ്ങൾ പുറത്തു വിട്ടിരുന്നെങ്കിലും അന്നൊന്നും പ്രതിഷേധങ്ങൾ ഉണ്ടാവുകയോ പ്രതിപക്ഷം എതിർക്കുകയോ ചെയ്തിരുന്നില്ല. എന്നാൽ പദ്ധതി പ്രഖ്യാപിച്ച് ഒരു ദിവസം കഴിഞ്ഞതോടെയാണ് പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. ഉദ്യോഗാർഥികളുടെ പ്രതിഷേധം രൂക്ഷമായതോടെ പദ്ധതിക്കെതിരെ പ്രതിപക്ഷ പാർട്ടികും രംഗത്തെത്തിയിരുന്നു. പ്രതിഷേധക്കാരെ തണുപ്പിക്കുന്നതിന്റെ ഭാഗാമയി പദ്ധതിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഒറ്റത്തവണത്തേക്ക് കേന്ദ്ര സർക്കാർ ഉയർത്തിയിരുന്നെങ്കിലും അതൊന്നും പ്രതിഷേധം ശമിപ്പിക്കാൻ പര്യാപ്തമായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.