ന്യൂഡൽഹി: അഗ്നിപഥിൽ നാലാം ദിനവും പ്രതിഷേധം തുടരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് പ്രതിഷേധം തെക്കേ ഇന്ത്യയിലേക്കും പടർന്നു. കഴിഞ്ഞ ദിവസം തെലങ്കാനയിൽ പ്രതിഷേധം രൂക്ഷമാവുകയും പ്രതിഷേധക്കാർക്കെതിരെ പൊലീസ് നടത്തിയ വെടിവെപ്പിൽ ഒരാൾ മരിക്കുകയും ചെയ്തിരുന്നു. ഇന്ന് ചെന്നൈയിലും കേരളത്തിലും പ്രതിഷേധം അരങ്ങേറി. കേരളത്തിൽ തിരുവനന്തപുരത്തും കോഴിക്കോടും ഉദ്യോഗാർഥികൾ പ്രതിഷേധിച്ചു. തിരുവനന്തപുരത്ത് തമ്പാനൂരിൽ നിന്ന് രാജ് ഭവനിലേക്ക് 1000 ഓളം വരുന്ന ഉദ്യോഗാർഥികൾ പ്രതിഷേധ മാർച്ച് നടത്തി. കോഴിക്കോട് മൊഫ്യൂസൽ ബസ്സ്റ്റാന്റിൽ നിന്ന് യുവാക്കൾ പ്രകടനം നടത്തി.
അതേസമയം കഴിഞ്ഞ ദിവസം ബിഹാറിലെ ലഖിസാരായിൽ പ്രതിഷേധക്കാർ തീയിട്ട ട്രെയിനിലുണ്ടായ യാത്രക്കാരൻ മരിച്ചു. പുകശ്വസിച്ച് കുഴഞ്ഞുവീണതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ബിഹാറിൽ ഇന്നും പ്രതിഷേധക്കാർ നിരവധി വാഹനങ്ങൾക്ക് തീയിട്ടു. പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചു ഇന്ന് പ്രതിപക്ഷ പാർട്ടികൾ ബിഹാർ ബന്ദ് ആചരിക്കുകയാണ്.
വെള്ളിയാഴ്ച ബിഹാറിൽ പ്രതിഷേധം രൂക്ഷമായിരുന്നു. 12 ഓളം ട്രെയിനുകളാണ് തീയിട്ടത്. നിരവധി റെയിൽവേ വസ്തുവകകൾ നശിപ്പിക്കുകയും പൊതു വാഹനങ്ങൾ ഉൾപ്പെടെ തകർക്കുകയും ചെയ്തിരുന്നു.
ഹരിയാനയിലും ബിഹാറിലും ഇന്റർനെറ്റിനുള്ള വിലക്ക് തുടരുകയാണ്. ഹരിയാനയിലെ മൂന്ന് ജില്ലകളിൽ നിരോധനാജ്ഞ തുടരുകയാണ്. പൽവാലിലും, ഗുഡ്ഗാവിലും, ഫരീദാബാദിലുമാണ് നിരോധനാജ്ഞ നിലനിൽക്കുന്നത്.
കഴിഞ്ഞ ദിവസം അക്രമം നടന്ന സ്ഥലങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കി. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഹരിയാനയിൽ പ്രതിഷേധങ്ങൾ തുടരുകയാണ്. പ്രതിഷേധങ്ങൾ സമാധാനപരമാകണമെന്നുറപ്പിക്കാൻ പൊലീസ് ഡിഫൻസ് അക്കാദമി മേധാവികളുമായി ചർച്ച നടത്തി. ഹരിയാനയിൽ പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ കിസാൻ യൂനിയൻ നേതാവ് ഗുർണാം സിംഗ് ചതുണിയുടെ നേതൃത്വത്തിൽ അനിശ്ചിത കാല സമരം തുടങ്ങി.
പ്രതിഷേധവുമായി ബന്ധപ്പെട്ട് യു.പിയിൽ 250 ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിൽ പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
94 എക്സ്പ്രസ് ട്രെയിനുകളും 140 പാസഞ്ചർ ട്രയിനുകളുമാണ് സംഘർഷത്തെ തുടർന്ന് ഇന്നലെ റദ്ദാക്കിയത്. 340 ട്രയിൻ സർവീസുകളെ പ്രതിഷേധം ബാധിച്ചെന്ന് ഇന്ത്യൻ റെയിൽ വേ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.