ന്യൂഡൽഹി: രാജ്യത്തെ യുവാക്കളേക്കാളും വലിയ ദേശഭക്തരില്ലെന്നും വ്യാജ ദേശഭക്തരെ തിരിച്ചറിയണമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. 'അഗ്നിപഥ്' പദ്ധതിക്കെതിരെ രാജ്യമൊട്ടുക്കും പ്രക്ഷോഭത്തിനിറങ്ങിയവർക്ക് പിന്തുണ പ്രഖ്യാപിച്ച് ജന്തർമന്തറിൽ കോൺഗ്രസ് സംഘടിപ്പിച്ച സത്യഗ്രഹസമരത്തിന് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു പ്രിയങ്ക.
യു.പിയുടെ റോഡുകളിൽ പുലർച്ചെ നാലു മണി തൊട്ട് 20ഉം 30ഉം യുവാക്കൾ സൈനിക റിക്രൂട്ട്മെന്റിന് കഠിന പരിശീലനം നടത്തുന്നത് താൻ കണ്ടതാണെന്ന് പ്രിയങ്ക പറഞ്ഞു. റിക്രൂട്ട്മെന്റിന് കാത്തിരുന്ന തങ്ങളുടെ പ്രതീക്ഷ അസ്തമിച്ചുവെന്നാണ് അവർ പറയുന്നതെന്ന് പ്രിയങ്ക പറഞ്ഞു. രാജ്യം അവരോടൊപ്പമുണ്ട്. രാജ്യവും രാജ്യത്തിന്റെ സമ്പത്തും അവർക്കുള്ളതാണെന്നും പ്രിയങ്ക പറഞ്ഞു. പെൻഷൻ ബില്ലുകൾ കുറച്ച് ചെലവുചുരുക്കാനാണ് സർക്കാർ ഉദ്ദേശിച്ചതെങ്കിൽ സെൻട്രൽ വിസ്റ്റ പദ്ധതിയും പ്രധാനമന്ത്രിക്കായി കൊണ്ടുവന്ന രണ്ടു പ്രത്യേക വിമാനങ്ങളുമായിരുന്നു ആദ്യം ഉപേക്ഷിക്കേണ്ടിയിരുന്നതെന്ന് കോൺഗ്രസ് നേതാവ് സചിൻ പൈലറ്റ് പറഞ്ഞു. കർഷകസമരത്തെ തുടർന്ന് വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചതുപോലെ രാജ്യമൊട്ടുക്കും പടർന്ന പ്രക്ഷോഭത്തെ തുടർന്ന് അഗ്നിവീർ പദ്ധതി ഉപേക്ഷിക്കേണ്ടിവരുമെന്നും പൈലറ്റ് പറഞ്ഞു.
കോൺഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാൽ, അധീർ രഞ്ജൻ ചൗധരി, സൽമാൻ ഖുർശിദ്, അജയ് മാക്കൻ, കൊടിക്കുന്നിൽ സുരേഷ്, രൺദീപ് സിങ് ഹൂഡ, ആന്റോ ആന്റണി, ടി.എൻ. പ്രതാപൻ, ബെന്നി ബെഹനാൻ തുടങ്ങിയവരും സത്യഗ്രഹത്തിൽ സംബന്ധിച്ചു.
ഇന്ന് കോൺഗ്രസ് പ്രതിഷേധം
അഗ്നിപഥ് പദ്ധതിക്കെതിരെയും രാഹുൽ ഗാന്ധിയെ ലക്ഷ്യംവെച്ചുള്ള മോദിസർക്കാറിന്റെ നീക്കത്തിനെതിരെയും തിങ്കളാഴ്ച സമാധാനപരമായ പ്രതിഷേധം നടത്തുമെന്ന് കോൺഗ്രസ്. രാജ്യവ്യാപകമായി പ്രതിഷേധിക്കുമെന്ന് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.