അഗ്നിപഥിൽ റിക്രൂട്ട്മെന്റ് നടത്താൻ കേന്ദ്രം: കരസേനയിൽ രണ്ടു ദിവസത്തിനകം നടപടി; വ്യോമസേനയിൽ 24ന്

ന്യൂഡൽഹി: രാജ്യം പ്രതിഷേധാഗ്നിയിൽ കത്തുമ്പോഴും 'അഗ്നിപഥി'ൽ ഉടൻ റിക്രൂട്ട്മെന്റ് നടപടി തുടങ്ങുമെന്ന് കര, നാവിക, വ്യോമസേന വിഭാഗങ്ങൾ. വ്യോമസേന മേധാവി വി.ആർ. ചൗധരി ജൂൺ 24ന് റിക്രൂട്ട്മെന്റ് നടപടികൾ ആരംഭിക്കുമെന്ന് വ്യക്തമാക്കിയപ്പോൾ രണ്ടു ദിവസത്തിനകം തുടങ്ങുമെന്നാണ് കരസേന അറിയിച്ചത്. ഉടൻ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആരംഭിക്കുമെന്നാണ് നാവികസേന വൃത്തങ്ങൾ പറയുന്നത്. ഡിസംബറിൽ ആദ്യ ബാച്ചിന്റെ പരിശീലനം തുടങ്ങാനാണ് ആലോചന. ഇവരെ അടുത്ത വർഷം ജൂണോടെ വിവിധ വിഭാഗങ്ങളിൽ നിയമിക്കും.

കരസേനയിൽ 40,000 പേരെയും വ്യോമ-നാവിക സേനയിൽ 3,000 വീതം പേരെയുമാണ് നിയമിക്കുക. ഇതിന്റെ എണ്ണം വർധിപ്പിക്കാനും ആലോചന നടക്കുന്നുണ്ട്.

അതിനി​ടെ, പ്രായപരിധി ഉയർത്തി പ്രതിഷേധം തണുപ്പിക്കാൻ വ്യാഴാഴ്ച രാത്രി കേന്ദ്ര സർക്കാർ നടത്തിയ നീക്കം ഫലം കണ്ടില്ല. മൂന്നാംദിനമായ വെള്ളിയാഴ്ച തെലങ്കാനയിലെ സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിൽ വെടിവെപ്പിൽ ഒരാൾ മരിച്ചു. 15 പേർക്ക് പരിക്കേറ്റു. പ്രക്ഷോഭകാരികൾ ഏഴു ട്രെയിനുകൾക്ക് തീയിട്ടു.

പ്രതിഷേധം 340 ട്രെയിനുകളെ ബാധിച്ചതായി റെയിൽവേ അറിയിച്ചു. ഇതിൽ 234 ട്രെയിനുകൾ പൂർണമായി റദ്ദാക്കി. ബിഹാറിൽനിന്ന് തുടങ്ങിയ പ്രതിഷേധം ഝാർഖണ്ഡ്, ഒഡിഷ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, തെലങ്കാന സംസ്ഥാനങ്ങളിലേക്ക് പടർന്നു. ബിഹാർ ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ രേണുദേവിയുടെ വീട് ആക്രമിച്ച പ്രതിഷേധക്കാർ ബി.ജെ.പി എം.എൽ.എയുടെ കാർ തകർത്തു. സംസ്ഥാന ബി.ജെ.പി പ്രസിഡന്റ് സഞ്ജയ് ജയ്സ്വാലിന്റെ വീടും ആക്രമിച്ചു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദൾ യുനൈറ്റഡ് കരാർ നിയമനം പുനഃപരിശോധിക്കണമെന്ന നിലപാടിലാണ്.

മധ്യപ്രദേശിലെ ഇന്ദോറിലും ഹരിയാനയിലെ നരവനയിലും റെയിൽപാളത്തിൽ കുത്തിയിരുന്ന പ്രതിഷേധക്കാർ കല്ലേറ് നടത്തി. ഉത്തർപ്രദേശിലെ ബലിയയിൽ ട്രെയിനിന് തീയിട്ടു. ബസ് തകർത്തു. പ്രതിഷേധക്കാരെ തുരത്താൻ പൊലീസ് ലാത്തി വീശി, കണ്ണീർവാതകം പ്രയോഗിച്ചു. 100 പേരെ കസ്റ്റഡിയിലെടുത്തു. ബിഹാറിൽ ശനിയാഴ്ച പ്രക്ഷോഭകർ പ്രഖ്യാപിച്ച ബന്ദിന് ആർ.ജെ.ഡി പിന്തുണ പ്രഖ്യാപിച്ചു.

പട്നയിലേക്ക് പ്രക്ഷോഭം വ്യാപിക്കുമെന്ന മുന്നറിയിപ്പിന് പിന്നാലെ, 12 ജില്ലകളിൽ ഇന്റർനെറ്റിന് വിലക്ക് ഏർപ്പെടുത്തി. സെക്കന്തരാബാദിൽ റെയിൽവേ സ്റ്റേഷൻ ആക്രമിച്ച യുവാക്കൾ കൊൽക്കത്തയിലേക്കുള്ള ഈസ്റ്റ്കോസ്റ്റ് എക്സ്പ്രസിനും രാജ്കോട്ട്, അജന്ത എക്സ്പ്രസ് ട്രെയിനുകളുടെ ഏതാനും കോച്ചുകൾക്കും തീയിട്ടു. സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധക്കാർ കല്ലെറിയുകയും വ്യാപക നാശനഷ്ടം വരുത്തുകയുംചെയ്തു. ഇവരെ പിരിച്ചുവിടാൻ റെയിൽവേ പൊലീസ് വെടിവെച്ചപ്പോഴാണ് വാറങ്കൽ സ്വദേശി രാകേഷ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്.

തെലങ്കാനയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ലോക്ഡൗൺ ഏർപ്പെടുത്തി. നോയിഡയിൽ യമുന അതിവേഗ പാതയിൽ യുവാക്കൾ ഉച്ചക്ക് 12 മുതൽ ഒരു മണിവരെ ഗതാഗതം തടസ്സപ്പെടുത്തി. ആൾ ഇന്ത്യ സ്റ്റുഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തെ തുടർന്ന് വെള്ളിയാഴ്ച ഡൽഹി മെട്രോ സ്റ്റേഷൻ ഗേറ്റുകൾ അടച്ചിട്ടു.

ഗുരുഗ്രാം ജില്ല ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചില യുവാക്കൾ ഹൈലി മണ്ഡിയിൽ ട്രെയിൻ തടസ്സപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഇവരെ പൊലീസ് തടഞ്ഞു.

അതേസമയം, അഗ്നിപഥ്' പദ്ധതിയിൽ പ്രായപരിധി ഉയർത്തിയത് യുവാക്കൾക്ക് ഗുണകരമാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിപ്രായപ്പെട്ടു. രാജ്യസേവനത്തിനുള്ള അവസരമാണ് യുവാക്കൾക്ക് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് പ്രതിസന്ധിമൂലം കഴിഞ്ഞ രണ്ടുവർഷം സൈന്യത്തിൽ ചേരാൻ സാധിക്കാതെ പോയവർക്ക് 'അഗ്നിപഥി'ൽ ഉയർന്ന പ്രായം 23 ആക്കിയത് ഉപകാരമാകുമെന്ന് കരസേന മേധാവി ജന. മനോജ് പാണ്ഡെയും പറഞ്ഞു. യുവാക്കൾ സൈന്യത്തിൽ 'അഗ്നിവീർ' ആയി ചേരാനുള്ള അവസരം ഉപയോഗിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Agnipath scheme: Schedule of recruitment process

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.