ന്യൂഡൽഹി: അഗ്നിപഥിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രിയും മുൻ കരസേനാ മേധാവിയുമായ ജനറൽ വി.കെ സിങ്. ഇഷ്ടമില്ലാത്തവർ സേനയിൽ ചേരേണ്ടതില്ലെന്ന് സിങ് പറഞ്ഞു. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നടന്ന ഒരു പരിപാടിക്കിടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
ആരെയും നിർബന്ധിക്കില്ലെന്നും താൽപര്യമുള്ളവർക്ക് അവരുടെ സ്വന്തം ഇഷ്ടപ്രകാരം സേനയിൽ ചേരാമെന്നും സിങ് പറഞ്ഞു. അഗ്നിപഥ് പദ്ധതി ഇഷ്ടപ്പെട്ടില്ലെങ്കിൽ നിങ്ങൾ അതിൽ ചേരേണ്ടതില്ല. ആരാണ് നിങ്ങളെ നിർബന്ധിക്കുന്നതെന്നും അദ്ദേഹം പ്രതിഷേധക്കാരോട് ചോദിച്ചു. നിങ്ങൾ ബസുകളും ട്രെയിനുകളും കത്തിക്കുന്നു. നിങ്ങളെ സായുധ സേനയിലേക്ക് റിക്രൂട്ട് ചെയ്യുമെന്ന് ആരാണ് നിങ്ങളോട് പറഞ്ഞത്. യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നവരെ മാത്രമേ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം വിരമിക്കൽ മാറ്റി വെക്കാൻ കോടതിയിൽ പോയയാളാണ് യുവക്കളോട് 23-ാം വയസിൽ വിരമിക്കാൻ ആവശ്യപ്പെടുന്നതെന്ന് സിങിന്‍റെ പ്രസ്താവനയെ വിമർശിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര പറഞ്ഞു. രാഹുൽ ഗാന്ധിക്കെതിരായ ഇ.ഡി നടപടിയിൽ കോൺഗ്രസ് അസ്വസ്ഥരായതിനാലാണ് അവർ മോദി സർക്കാരിന്‍റെ മികച്ച പ്രവർത്തനങ്ങളിൽ പോലും തെറ്റ് കണ്ടെത്താൻ ശ്രമിക്കുന്നതെന്ന് സിങ് കുറ്റപ്പെടുത്തി. പ്രതിപക്ഷം രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്. സർക്കാരിനെ അപകീർത്തിപ്പെടുത്തുന്നതിലൂടെ രാജ്യത്ത് അശാന്തി സൃഷ്ടിക്കിലാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1999ലെ യുദ്ധത്തിന് ശേഷം കാർഗിൽ കമ്മിറ്റി രൂപീകരിച്ചപ്പോഴാണ് അഗ്നിപഥ് പദ്ധതിയുടെ ആശയം രൂപപ്പെട്ടതെന്ന് സിങ് പറഞ്ഞു. ഇന്ത്യയിലെ യുവാക്കൾക്കും മറ്റ് പൗരന്മാർക്കും നിർബന്ധിത സൈനിക പരിശീലനം നൽകണമെന്ന ആവശ്യം കഴിഞ്ഞ 40 വർഷമായി ഉന്നയിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂൺ 14 ന് പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതി പ്രകാരം 17 മുതൽ 21 വയസ് വരെയുള്ള യുവാക്കളെ നാല് വർഷത്തേക്ക് സേനയിൽ റിക്രൂട്ട് ചെയ്യാനും അവരിൽ 25 ശതമാനം പേരെ 15 വർഷത്തേക്ക് കൂടി നിലനിർത്താനും വ്യവസ്ഥ ചെയ്യുന്നു. പിന്നീട് 2022ൽ റിക്രൂട്ട്‌മെന്റിനുള്ള ഉയർന്ന പ്രായപരിധി 23 വയസ്സായി സർക്കാർ ഉയർത്തി. ബീഹാർ, ഉത്തർപ്രദേശ് ഉൾപ്പടെ പല സംസ്ഥാനങ്ങളിലും വൻ പ്രതിഷേധങ്ങളാണ് അഗ്നിപഥിനെതിരെ ഉയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.