അഗ്നിപഥ് പദ്ധതി ഏകപക്ഷീയമല്ല; ഡൽഹി ഹൈകോടതി വിധി ചോദ്യം ചെയ്ത ഹരജികൾ സുപ്രീം കോടതി തള്ളി


 ന്യൂഡൽഹി: സായുധ സേനാ റിക്രൂട്ട്മെന്റിനായുള്ള കേന്ദ്ര സർക്കാറിന്റെ അഗ്നിപഥ് പദ്ധതിയെ ശരിവെച്ച ഡൽഹി ഹൈകോടതി വിധി ചോദ്യം ചെയ്ത് നൽകിയ ഹരജികൾ സുപ്രീംകോടതി തള്ളി. അഗ്നി പഥ് പദ്ധതി പ്രഖ്യാപിച്ചതോടെ ഇന്ത്യൻ സൈന്യവും വ്യോമസേനയും പകുതിയിൽ നിർത്തിവെച്ച റിക്രൂട്ട്മെന്റ് നടപടികൾ പൂർത്തീകരിക്കാൻ നിർദേശം നൽകണ​മെന്ന് ആവശ്യപ്പെട്ടാണ് ഉദ്യോഗാർഥികൾ ഹരജികൾ നൽകിയത്.

അഗ്നി പഥ് പ്രഖ്യാപിക്കുമ്പോൾ നിർത്തിവെക്കപ്പെട്ട റാലികളും ശരീരിക ക്ഷമത പരിശോധനകളും വഴി തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികൾക്ക്, നിയമനം വേണമെന്ന് ആവശ്യപ്പെടാനും റിക്രൂട്ട്മെന്റ് നടപടികൾ തുടരണമെന്ന് ആവശ്യപ്പെടാനും നിക്ഷിപ്ത അവകാശമില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

17.6 വയസുമുതൽ 23 വയസ് വരെയുള്ള ആളുകൾക്ക് നാലുവർഷത്തെ സൈനിക സേവനത്തിന് അനുമതി നൽകുന്ന പദ്ധതിയാണ് അഗ്നിപഥ്. ഫെബ്രുവരിയിൽ ഡൽഹി ഹൈക്കോടതി അഗ്നിപഥ് പദ്ധതി അംഗീകരിച്ചിരുന്നു. ദേശീയ താൽപ്പര്യം മുൻനിർത്തിയും സായുധ സേന മികച്ച രീതിയിൽ സജ്ജരാണെന്ന് ഉറപ്പാക്കുന്നതിനുമാണ് അഗ്നിപഥ് പദ്ധതി ആവിഷ്‌കരിച്ചതെന്ന് ഡൽഹി ഹൈകോടതി ഉത്തരവിൽ പറഞ്ഞു.

ഇതിനെതിരെ രണ്ട് ഉദ്യോഗാർഥികളാണ് സുപ്രീം കോടതിയിൽ ഹരജികളുമായി എത്തിയത്. അഗ്നിപഥ് പദ്ധതി ഏകപക്ഷീയമല്ലെന്നും മറ്റെല്ലാത്തിനേക്കാളും വലുത് പൊതുതാല്പര്യമാണെന്നും ഗോപാൽ കൃഷനും അഭിഭാഷകൻ എം.എൽ ശർമ്മയും സമർപ്പിച്ച പ്രത്യേക ഹരജികൾ തള്ളിക്കൊണ്ട് സുപ്രീം കോടതി പറഞ്ഞു.

ഹൈകോടതി വിധിയിൽ ഇടപെടാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ഹൈകോടതി എല്ലാ വശങ്ങളും പരിശോധിച്ചിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഇന്ത്യൻ എയർ ഫോഴ്‌സ് റിക്രൂട്മെന്റുമായി ബന്ധപ്പെട്ട മൂന്നാമത്തെ ഹരജി അഗ്നിപഥ് സ്‌കീം തുടങ്ങുന്നതിനു മുമ്പായി ഏപ്രിൽ 17ന് ഹിയറിങ് നടത്തും. ഹരജിയിൽ പ്രതികരണം ഫയൽ ചെയ്യാൻ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു

Tags:    
News Summary - Agnipath scheme valid, not arbitrary, says Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.