ലഖ്നോ: വെൻറിലേറ്ററിൽ ചികിത്സയിലായിരുന്ന രോഗികളുടെ ഓക്സിജൻ ബന്ധം വിച്ഛേദിച്ച് മോക്ഡ്രിൽ നടത്തിയ യു.പിയിലെ ആശുപത്രിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.ആഗ്രയിലെ പാരാസ് ആശുപത്രി ഉടമ അരിഞ്ജയ് ജെയ്നെ ഉടനെ അറസ്റ്റ് ചെയ്തേക്കും. ഓക്സിജൻ മോക് ഡ്രില്ലിനിടെ 22 പേർ മരിച്ചെന്ന ആശുപത്രി ഉടമയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് നടപടി.
അത്യാസന്ന നിലയിലുള്ള രോഗികളുടെ ഓക്സിജൻ ബന്ധം വിച്ഛേദിച്ചുവെന്ന വെളിപ്പെടുത്തുന്ന ആശുപത്രി ഉടമയുടെ വിഡിയോ സന്ദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനെ തുടർന്ന് വ്യാപക പ്രതിഷേധം ഉയരുകയും സംസ്ഥാന സർക്കാർ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഉടമ വിഡിയോ നിഷേധിച്ച് രംഗത്തെത്തിയെങ്കിലും ആരോഗ്യവകുപ്പും അന്വേഷണവുമായി മുന്നോട്ട് പോവുകയായിരുന്നു. ആഗ്ര ചീഫ് മെഡിക്കൽ ഓഫിസർ ഡോ. ആർ.സി. പാണ്ഡെ ഒരു കമ്മിറ്റി രൂപീകരിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിനെ തുടർന്നാണ് ആശുപത്രിക്കെതിരെ നടപടി ഉണ്ടായത്.
''ഏപ്രിൽ 26ന് രാവിലെ ഏഴുമണിയോടെ അഞ്ചുമിനിറ്റ് ഓക്സിജൻ വിതരണം നിർത്തിവെച്ചു. അപ്പോൾ 22 രോഗികൾ ജീവശ്വാസത്തിനായി ബുദ്ധിമുട്ടുകയും അവരുടെ ശരീരം നീലനിറമാകാൻ തുടങ്ങി. അതോടെ അവർ ജീവിച്ചിരിക്കില്ലെന്ന് ഞങ്ങൾക്ക് ഉറപ്പായി. അതിന് പിന്നാലെ തീവ് പരിചരണ വിഭാഗത്തിലുള്ള 74 രോഗികളുടെ ബന്ധുക്കളോട് ഓക്സിജൻ സിലിണ്ടർ സ്വയം കണ്ടെത്താൻ ആശുപത്രി ഉടമയായ ഡോ. അരിഞ്ജയ് ജെയ്ൻ ആവശ്യപ്പെടുന്ന ഒന്നര മിനിറ്റ് ദൈർഘ്യമുള്ള ഓഡിയോ സന്ദേശവും പുറത്ത് വന്നിരുന്നു.''
22 പേരുടെയും മരണകാരണമായി ആശുപത്രി അധികൃതർ വിശദീകരിച്ചത് ഓക്സിജൻ ക്ഷാമം കാരണമാണെന്നായിരുന്നു. അതേസമയം വിഡിയോ വൈറലാവുകയും വിവാദമാവുകയും ചെയ്തതതോടെ വിശദീകരണവുമായി ജെയ്ൻ രംഗത്തെത്തി.അപകടനിലയിലുള്ള രോഗികളെ കണ്ടെത്തി മികച്ച ചികിത്സ ഉറപ്പാക്കാനാണ് മോക് ഡ്രിൽ സംഘടിപ്പിച്ചതെന്നായിരുന്നു ഉടമയുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.