ലഖ്നോ: ശക്തമായ മഴയെത്തുടർന്ന് ഉത്തർ പ്രദേശിലെ വിവിധ ജില്ലകൾ വെള്ളപ്പൊക്കം നേരിടുകയാണ്. ഇതിനിടെ വെള്ളപ്പൊക്കം നേരിടുന്നതിലും റോഡുകൾ പരിപാലിക്കുന്നതിലും മാലിന്യം നീക്കം ചെയ്യുന്നതിലും പരാജയപ്പെട്ട ആഗ്ര ജില്ല ഭരണകൂടത്തിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി ജനങ്ങൾ രംഗത്തെത്തി. സ്ഥലങ്ങളുടെ പേരുമാറ്റിയാണ് പ്രതിഷേധം.
അവഥ് പുരി, നവ്നീത് നഗർ, അവഥ് വിഹാർ, മൻ സരോവർ തുടങ്ങിയ സ്ഥലങ്ങളുടെ പേരികൾ മാറ്റിയാണ് പ്രതിഷേധം. നരക് പുരി, കീചഡ് നഗർ, ബഡ്ബു വിഹാർ, നാലാ സരോവർ, ഖിനോന നഗർ എന്നിങ്ങനെയാണ് പ്രതിഷേധത്തിന്റെ ഭാഗമായി നൽകിയ പേരുകൾ. ഓരോ സഥലങ്ങളും അഭിമുഖീകരിക്കുന്ന പ്രാഥമിക പ്രശ്‌നത്തെ എടുത്തുകാണിക്കുന്നതാണ് പേരുകൾ.
പ്രതിഷേധക്കാർ വിവിധയിടങ്ങളിൽ പുതിയ പേരുകൾ വെച്ച് ദിശാ ബോർഡുകളും സ്ഥാപിച്ചു. വാർത്താ ഏജൻസിയായ എ.എൻ.ഐ പുറത്തുവിട്ട ചിത്രങ്ങളിൽ ഇവർ സ്ഥാപിച്ച ദിശാ ബോർഡുകളും, ചെളിയും മാലിന്യങ്ങളും നിറഞ്ഞ റോഡും കാണാം.
വിഷയം ഉന്നയിച്ച് ജില്ല ഭരണകൂടത്തിന് പരാതി നൽകിയെങ്കിലും പ്രതികരണം ഉണ്ടായല്ലെന്ന് നാട്ടുകാർ ആരോപിച്ചു. എം.പിമാർ, എം. എൽ.എമാർ തുടങ്ങിയവരെ ബന്ധപ്പെട്ടെങ്കിലും സഹായം ലഭിച്ചില്ലെന്നും ചില രാഷ്ട്രീയക്കാർ വോട്ടിനായി മാത്രം വന്നുപോകുമെന്നും പ്രദേശവാസികളിലൊരാൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.