അഹ്മദാബാദ്: ഗുജറാത്തിലെ അഹ്മദാബാദിൽ നടന്ന സ്ഫോടന പരമ്പരകളിൽ 13 വർഷങ്ങൾക്ക് ശേഷം പ്രത്യേക കോടതിയിൽ വിചാരണ പൂർത്തിയായി. 2008 ജൂലൈ 26നാണ് അഹ്മദാബാദിൽ 21 സ്ഫോടനങ്ങൾ ഉണ്ടായത്. 56 പേർ മരിക്കുകയും 200 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കേസിൽ 77 പ്രതികളാണ് ആകെയുള്ളത്.
1,100 സാക്ഷികളെ വിസ്തരിച്ചു. വിചാരണപൂർത്തിയായെന്നും വിധി പറയാൻ മാറ്റിവെച്ചിരിക്കുന്നുവെന്നും പ്രത്യേക കോടതി ജഡ്ജി എ.ആർ. പട്ടേൽ പ്രഖ്യാപിച്ചു. സ്േഫാടനം നടന്ന് ഒരു വർഷത്തിന് ശേഷം 2009 ഡിസംബറിലാണ് വിചാരണ നടപടി തുടങ്ങുന്നത്. നിരോധിത സംഘടനയായ സിമിയുമായി ബന്ധമുള്ള ഇന്ത്യൻ മുജാഹിദീൻ ആണ് സ്ഫോടനത്തിന് പിന്നിലെന്നാണ് പൊലീസ് പറഞ്ഞത്.
ന്യൂനപക്ഷ സമുദായത്തിൽപെട്ട നിരവധി പേർ കൊല്ലപ്പെട്ട 2002ലെ ഗുജറാത്ത് കലാപത്തിനുള്ള പ്രതികാരമായാണ് ഇന്ത്യൻ മുജാഹിദീൻ സ്ഫോടനം ആസൂത്രണം ചെയ്തത്. സ്ഫോടനത്തിന് ദിവസങ്ങൾക്ക് ശേഷം സൂറത്തിെൻറ വിവിധയിടങ്ങളിൽനിന്ന് പൊലീസ് ബോംബുകൾ കണ്ടെത്തിയിരുന്നു. തുടർന്ന് 20 എഫ്.ഐ.ആറുകൾ അഹ്മദാബാദിലും 15 എണ്ണം സൂറത്തിലും രജിസ്റ്റർ ചെയ്തു. ഇവ 35 എണ്ണമാക്കി കോടതി മാറ്റിയതിന് ശേഷമാണ് വിചാരണ തുടങ്ങിയത്.
ഗുജറാത്ത് പൊലീസാണ് 85 പ്രതികളെ അറസ്റ്റ് െചയ്തത്. ഇതിൽ 78 പേർക്കെതിരെയാണ് വിചാരണ നടന്നത്. ഒരാൾ മാപ്പുസാക്ഷിയായിരുന്നു. കൊലപാതകം, ക്രിമിനൽ ഗൂഢാലോചന, നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യു.എ.പി.എ) എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സബർമതി സെൻട്രൽ ജയിലിലാണ് പ്രത്യേക കോടതി ആദ്യഘട്ടത്തിൽ വിചാരണ നടത്തിയിരുന്നത്. തുടർന്ന് വിഡിയോ കോൺഫറൻസിങ് വഴിയാക്കി. വിചാരണനടപടികൾ പുരോഗമിക്കുന്നതിനിടെ 2013ൽ ചില പ്രതികൾ ജയിലിൽ ടണൽ നിർമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെന്നും ആരോപണമുണ്ടായിരുന്നു. ഈ കേസിലെ വിചാരണ ബാക്കിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.