അതിതീവ്ര കാലാവസ്ഥ ഈ വർഷം അപഹരിച്ചത് 3,200ലധികം ജീവൻ; ഏറ്റവും കൂടുതൽ മരണം കേരളത്തിൽ

ന്യൂഡൽഹി: അതിതീവ്ര കാലാവസ്ഥയിൽ 2024ലെ ആദ്യ ഒമ്പത് മാസത്തിനുള്ളിൽ ഇന്ത്യയിൽ 3,200ലധികം പേർ മരിക്കുകയും 2.3 ലക്ഷം വീടുകൾക്ക് നാശം സംഭവിക്കുകയും ചെയ്‌തതായി ഏറ്റവും പുതിയ റിപ്പോർട്ട്. ഡൽഹി ആസ്ഥാനമായുള്ള തിങ്ക് ടാങ്ക് സെന്‍റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്‍റി​ന്‍റെ പഠനമനുസരിച്ച് ഈ വർഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളിൽ 93 ശതമാനം ദിവസങ്ങളിലും ( 274 ദിവസങ്ങളിൽ 255ലും) ഇന്ത്യ അതിതീവ്ര കാലാവസ്ഥാ സംഭവങ്ങളെ അഭിമുഖീകരിച്ചതായി പറയുന്നു.

തീക്ഷ്ണമായ കാലാവസ്ഥാ സംഭവങ്ങൾ 3,238 ജീവൻ അപഹരിച്ചു.കേരളത്തിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ രേഖപ്പെടുത്തിയത് (550), മധ്യപ്രദേശ് (353), അസം (256) എന്നിങ്ങനെയാണത്. 3.2 ദശലക്ഷം ഹെക്ടർ വിളകളെ ബാധിച്ചു. 2,35,862 വീടുകളും കെട്ടിടങ്ങളും നാശത്തിനിരയായി. 9,457 കന്നുകാലികൾ കൊല്ലപ്പെട്ടു.

2023ലെ ആദ്യ ഒമ്പത് മാസങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, 273 ദിവസങ്ങളിൽ 235ലായിരുന്നു അന്നത്തെ തീവ്ര കാലാവസ്ഥ. അതിൽ 2,923 മരണങ്ങൾ, 1.84 ഹെക്ടർ വിളനാശം. 80,293 വീടുകൾക്ക് കേടുപാടുകൾ, 92,519 മൃഗങ്ങളുടെ മരണം എന്നിവയുണ്ടായി.

ഈ വർഷം 176 ദിവസങ്ങളിലും മധ്യപ്രദേശിൽ അതിരൂക്ഷമായ കാലാവസ്ഥയാണ് അനുഭവപ്പെട്ടത്. ഏറ്റവുമധികം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചത് ആന്ധ്രപ്രദേശിലാണ് (85,806). 142 ദിവസത്തിനുള്ളിൽ അത്യാഹിത സംഭവങ്ങൾ നിരവധി നേരിട്ട മഹാരാഷ്ട്രയിലാണ് രാജ്യവ്യാപകമായി കൃഷിനാശമുണ്ടായത് (60 ശതമാനത്തിലധികം).

2024ൽ 27 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും തീക്ഷ്ണമായ കാലാവസ്ഥാ ദിനങ്ങൾ വർധിച്ചു. കർണാടക, കേരളം, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ 40​തോ അതിലധികമോ ദിവസങ്ങൾ ഇത്തരം അധിക സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചു.

2024 നിരവധി കാലാവസ്ഥാ റെക്കോർഡുകളും സ്ഥാപിച്ചു. ഇത്തവണത്തെ ജനുവരി 1901ന് ശേഷം ഇന്ത്യയിലെ ഏറ്റവും വരണ്ട ഒമ്പതാമത്തെ ജനുവരിയായി. ഫെബ്രുവരിയിൽ,123 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ താപനില രാജ്യത്ത് രേഖപ്പെടുത്തി. റെക്കോർഡിലെ നാലാമത്തെ ഉയർന്ന താപനിലക്ക് മെയ് സാക്ഷ്യംവഹിച്ചു. ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെല്ലാം 1901ന് ശേഷമുള്ള ഏറ്റവും കൂടിയ മിനിമം താപനില രേഖപ്പെടുത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.