എയിംസിൽ ഡോക്ടർമാരുടെ പ്രതിഷേധം ഫലംകണ്ടു; വിവാദ ഉത്തരവ് പിൻവലിച്ച് ഡയറക്ടർ

ന്യൂഡൽഹി: എയിംസിൽ പാർലമെന്റ് അംഗങ്ങൾക്ക് പ്രത്യേക പരിഗണന നൽകാനുള്ള തീരരുമാനം പിൻവലിച്ചു. ഡോക്ടർമാരുടെ പ്രതിഷേധത്തെ തുടർന്നായിരുന്നു നടപടി. എയിംസ് ഡയറക്ടർ ഡോ.എം.ശ്രീനിവാസാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ഡൽഹിയിലെ ഓൾ ഇന്ത്യ മെഡിക്കൽ സയൻസസ്​ ഇൻസ്റ്റിറ്റൂട്ടിൽ ചികിത്​സക്കെത്തുന്ന പാർലമെന്‍റ്​ അംഗങ്ങൾക്ക്​ പ്രത്യേക പരിഗണന നൽകണമെന്ന നിർദേശം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

എം.പിമാർക്കായി ഔട്ട്​ പേഷ്യന്‍റ്​ വിഭാഗം, അടിയന്തര ചികിത്​സ വിഭാഗം, കിടത്തി ചികിത്​സ വിഭാഗം എന്നിവയുടെ പ്രവർത്തന രീതികളിൽ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട്​​ ലോക്സഭ ജോയന്‍റ്​ സെക്രട്ടറി വൈ.എം കാണ്ട്​പാലിന്​ എയിംസ്​ ഡയറക്ടർ ഡോ. എം. ശ്രീനിവാസ്​ കത്തയച്ചിട്ടുണ്ട്​. വി.ഐ.പി സംസ്കാരത്തെ അപലപിക്കുന്നതായി ഡോക്ടർമാരുടെ സംഘടനകൾ പറഞ്ഞു. മറ്റൊരാൾക്ക്​ പ്രത്യേക പരിഗണന നൽകുന്നതിന്‍റെ പേരിൽ ഒരു രോഗിയും കഷ്ടപ്പെടാൻ പാടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി വി.ഐ.പി സംസ്കാരം സൃഷ്ടിക്കുകയാണെന്നും ഡോക്ടർമാർ കുറ്റപ്പെടുത്തി.

സ്​പെഷ്യാലിറ്റി, സൂപ്പർ സ്​പെഷ്യാലിറ്റി വിഭാഗങ്ങളിൽ നിന്ന്​ എം.പിമാർക്ക്​ ഔട്ട്​ പേഷ്യന്‍റ്​ കൺസൾട്ടേഷൻ ആവശ്യമാണെങ്കിൽ പാർലമെന്‍റ്​ സെക്രട്ടറിയേറ്റോ പി.എമാരോ ഡ്യൂട്ടി ഓഫീസറെ ബന്ധപ്പെട്ട്​ വിവരങ്ങൾ നൽകുമെന്നാണ്​ നടപ്പാക്കാൻ പോകുന്ന സർക്കുലറിൽ പറയുന്നത്​. ഇതിന്‍റെ തുടർ നടപടികൾക്ക്​ ആശുപത്രിയിലെ ഡ്യൂട്ടി ഓഫീസർ ക്രമീകരണം ഒരുക്കണം. സ്​പെഷലിസ്റ്റുമായി ബന്ധപ്പെട്ട്​ കൂടിക്കാഴ്ചക്ക്​ സമയം നിശ്​ചയിക്കണം. അടിയന്തര സാഹചര്യങ്ങളിൽ എത്​ എമർജൻസി വിഭാഗത്തെ സമീപിക്കണമെന്ന്​ ഡ്യൂട്ടി ഓഫീസർ ബന്ധ​പ്പെട്ടവരെ അറിയിക്കണം. കിടത്തി ചികിത്​സിക്കേണ്ടി വരുന്ന സന്ദർഭങ്ങളിൽ അതുമായി ബന്ധപ്പെട്ട കുറിപ്പ്​ ​ബന്ധപ്പെട്ട ഡോക്ടർ മെഡിക്കൽ സൂപ്രണ്ടിന്​ നൽകണം. അത്​ പാർലമെന്‍റ്​ സെക്രട്ടറിയേറ്റിന്​ കൈമാറണം -സർക്കുലറിൽ പറഞ്ഞു.

Tags:    
News Summary - AIIMS withdraws order from director on SOPs for MPs amid uproar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.