ഹൈദരാബാദ്: രാജസ്ഥാനിൽ ഈ വർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ഓൾ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. മുസ്‍ലിം വോട്ടർമാർ നിർണായക സാന്നിധ്യമായ ഫത്തേഹ്പൂർ, കമാൻ മണ്ഡലങ്ങളിലാണ് ഉവൈസി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. കൂടുതൽ മണ്ഡലങ്ങളിൽ വഴിയേ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നാണ് പാർട്ടി നൽകുന്ന സൂചന.
‘വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അഡ്വ. ജാവേദ് അലി ഖാൻ ഫത്തേപൂരിലും ഇമ്രാൻ നവാബ് കമാൻ മണ്ഡലത്തിലും എ.ഐ.എം.ഐ.എം സ്ഥാനാർഥികളായി മത്സരിക്കും. ആളുകൾ ഞങ്ങളെ അനുഗ്രഹിക്കുകയും സ്നേഹം കാട്ടുകയും ചെയ്യുമെന്നാണ് വിശ്വാസം’ -സമൂഹ മാധ്യമമായ ‘എക്സി’ൽ (മുമ്പ് ട്വിറ്റർ) ഉവൈസി കുറിച്ചു.
കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിൽ മോശം ഭരണമാണുള്ളതെന്ന് ഉവൈസി വാർത്താ ഏജൻസിയോട് പ്രതികരിച്ചു. പാർട്ടിയിലെ മറ്റൊരു നേതാവായ സചിൻ പൈലറ്റുമായുള്ള പടലപ്പിണക്കം കാരണം ഗെഹ്ലോട്ടിന് ഭരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാവുന്നില്ലെന്നാണ് എ.ഐ.എം.ഐ.എം അധ്യക്ഷന്റെ വാദം.
കോൺഗ്രസുമായി ശക്തമായ മത്സരം കാഴ്ചവെക്കുമോ എന്ന ചോദ്യത്തിന് ‘എന്തുകൊണ്ട് കോൺഗ്രസ് മാത്രം? ബി.ജെ.പിക്കും ഞങ്ങൾ ശക്തമായ പോരാട്ടമൊരുക്കും’ എന്നായിരുന്നു മറുപടി. എതിരെ ആരു മത്സരിക്കുന്നുവെന്നത് ഞങ്ങൾക്ക് പ്രശ്നമല്ല, എ.ഐ.എം.ഐ.എം തീർച്ചയായും തെരഞ്ഞെടുപ്പുകളിൽ കളത്തിലിറങ്ങും. 2023 അസംബ്ലി തെരഞ്ഞെടുപ്പിൽ എത്ര സീറ്റുകളിൽ സംസ്ഥാനത്ത് മത്സരിക്കണമെന്ന് രാജസ്ഥാൻ യൂനിറ്റ് എ.ഐ.എം.ഐ.എം തീരുമാനിക്കും.’ -ഉവൈസി കൂട്ടിച്ചേർത്തു.
2018ൽ സംസ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പിൽ 100 സീറ്റുകൾ ജയിച്ചാണ് കോൺഗ്രസ് അധികാരത്തിലെത്തിയത്. എ.ഐ.എം.ഐ.എം ആകട്ടെ, 2021ൽ മാത്രമാണ് രാജസ്ഥാനിൽ പ്രവർത്തനം തുടങ്ങിയത്.
മതേതര വോട്ടുകൾ ഭിന്നിപ്പിക്കുകയാണ് എ.ഐ.എം.ഐ.എം രാജസ്‍ഥാനിൽ ഉന്നമിടുന്നതെന്ന് ചൂണ്ടിക്കാട്ടി വിമർശകർ രംഗത്തെത്തിയിട്ടുണ്ട്. ബി.ജെ.പിയെ പരാജയപ്പെടുത്താൻ മതേതരകക്ഷികൾ ദേശീയതലത്തിൽ കിണഞ്ഞുശ്രമിക്കുന്നതിനിടയിൽ, തങ്ങൾക്ക് ഒട്ടും സ്വാധീനമില്ലാത്ത ഒരു സംസ്ഥാനത്ത് ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കാനുള്ള നീക്കം ഫലത്തിൽ ബി.ജെ.പിയെ സഹായിക്കാൻ മാത്രമാണ് വഴിയൊരുക്കുകയെന്നാണ് വിമർശനം. ‘ബി ടീം കളത്തിലിറങ്ങിക്കഴിഞ്ഞു’ എന്നാണ് പലരും കുറിക്കുന്നത്. ഉവൈസിയുടെ പോസ്റ്റിനടിയിലും പലരും കടുത്ത പ്രതിഷേധവും വിമർശനവുമായി കമന്റിടുന്നുണ്ട്.
‘ബി.ജെ.പിയോടുള്ള ബഹുമാനപുരസ്സരം ഉവൈസി ജി കളത്തിലിറങ്ങിക്കഴിഞ്ഞു. രാജസ്ഥാനിൽ തങ്ങൾക്ക് ഒരു സീറ്റിൽപോലും ജയിക്കാൻ കഴിയില്ലെന്ന് ഉവൈസി ജിക്ക് നന്നായറിയാം. എന്നിട്ടും കോൺഗ്രസിനെ പരാജയപ്പെടുത്താൻ സ്ഥാനാർഥികളെ രംഗത്തിറക്കുന്നത് ബി.ജെ.പിയുടെ ജയം ഉറപ്പാക്കുന്നതിനാണ്. കഴിഞ്ഞ ഒമ്പതു വർഷത്തിനിടക്ക് എല്ലാ പ്രതിപക്ഷ നേതാക്കന്മാരെയും ഉന്നമിട്ട് പല നടപടികളുമുണ്ടായിട്ടും നിങ്ങൾക്കെതിരെ ഒന്നുമുണ്ടാവാത്തത് എന്തുകൊണ്ടാണെന്ന് നന്നായി മനസ്സിലാകുന്നുണ്ട്’ -രാജ്കുമാർ സ്വാമി എന്ന ഹാൻഡിലിൽനിന്നുള്ള പോസ്റ്റ് ഇതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.